വിതുര: വിതുര,നെടുമങ്ങാട് റൂട്ടിൽ വീണ്ടും യാത്രാദുരിതം വർദ്ധിക്കുന്നതായി പരാതി. യാത്രാക്ലേശം ചൂണ്ടിക്കാട്ടി യാത്രക്കാർ കെ.എസ്.ആർ.ടി.സിക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. രാവിലെയും വൈകിട്ടും ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സൂചി കുത്താനിടമില്ലാതെയാണ് ഡിപ്പോകളിൽ നിന്ന് വിവിധസ്ഥലങ്ങളിലേക്ക് ബസുകൾ പുറപ്പെടുന്നത്.വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്.
കൊവിഡിന്റെ മറവിൽ നിറുത്തലാക്കിയ സർവീസുകളിൽ മിക്കതും ഇനിയും പുനരാരംഭിച്ചിട്ടില്ല. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് കൂടുതൽ ബസുകൾ വിതുര, കല്ലാർ, പേപ്പാറ, പൊൻമുടി, ബോണക്കാട് റൂട്ടിൽ അയയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. കൊവിഡു കാലത്ത് വിതുര,ആര്യനാട്, നെടുമങ്ങാട്, പാലോട് ഡിപ്പോകളിൽ നിന്നും നിറുത്തലാക്കിയ ബസുകൾ പുനരാരംഭിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നിലവിൽ ഡിപ്പോകളിൽ കളക്ഷനിൽ വൻ വർദ്ധനയുണ്ടായിട്ടും യാത്രക്കാരെ നട്ടംതിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
ശബരിമല സീസൺ കൂടിയായതോടെ യാത്രാക്ലേശം ഇരട്ടിച്ചിട്ടുണ്ട്. മലയോരമേഖലയിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
തിരക്കേറുമ്പോൾ അപകടവും വർദ്ധിക്കുന്നു
നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വൈകിട്ട് വിതുരയിലേക്കുള്ള ബസുകളിൽ കയറണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കണം. വിദ്യാർത്ഥികൾക്ക് നേരത്തിന് വീടുകളിലെത്താനും കഴിയുന്നില്ല.അടുത്തിടെ നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസിന്റെ ഡോർ ചുള്ളിമാനൂരിനു സമീപത്തുവച്ച് തുറന്ന് യാത്രക്കാരൻ റോഡിൽ വീണ് മരിച്ചു.
അടുത്തടുത്തായി നാല് ഡിപ്പോകൾ പ്രവർത്തിച്ചിട്ടും മലയോരമേഖലയിലെ യാത്രാദുരിതത്തിന് അറുതിയാകുന്നില്ല. നെടുമങ്ങാട്, ആര്യനാട്, വിതുര, പാലോട് ഡിപ്പോകളാണ് അടുത്തടുത്ത് പ്രവർത്തിക്കുന്നത്. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വിതുരയിലേക്ക് വേണ്ടത്ര ബസുകൾ അയയ്ക്കാത്തതാണ് യാത്രാക്ലേശത്തിന് കാരണം. നേരത്തെ ധാരാളം സർവീസുകളുണ്ടായിരുന്നെങ്കിലും നിറുത്തലാക്കി.
ചെയിൻ സർവീസ് ആരംഭിക്കണം
നേരത്തെ നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വിതുരയിലേക്ക് അരമണിക്കൂർ ഇടവിട്ട് ചെയിൻ സർവീസ് നടത്തിയിരുന്നു. മികച്ച കളക്ഷനുമായി ഓടിയിരുന്ന ചെയിൻ സർവീസ് മാസങ്ങൾ പിന്നിട്ടപ്പോൾ മുന്നറിയിപ്പില്ലാതെ നിറുത്തലാക്കുകയായിരുന്നു. ചെയിൻ സർവീസ് ആരംഭിച്ചപ്പോൾ വിതുര നെടുമങ്ങാട് റൂട്ടിൽ യാത്രക്കാർക്ക് അനുഗ്രഹമായിരുന്ന സമാന്തര സർവീസുകളും ഇപ്പോൾ നാമമാത്രമായാണ് ഓടുന്നത്.