
ചിറയിൻകീഴ്: നാടിനെ നടുക്കിയ വിഷ്ണു കൊലക്കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിൽ. ചിറയിൻകീഴ് നൈനാംകോണം നാഗരാജ ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ജിജു (47) ആണ് പിടിയിലായതി. കടയ്ക്കാവൂർ തുണ്ടത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു (26) ആണ് കഴുത്തിൽ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ആനത്തലവട്ടം ഗുരുമന്ദിരത്തിന് സമീപം ചൂണ്ടക്കടവിൽ വെള്ളിയാഴ്ച സന്ധ്യക്കാണ് സംഭവം. കേസിലെ ഒന്നാം പ്രതി ചിറയിൻകീഴ് സ്വദേശി ജയൻ ഇപ്പോഴും ഒളിവിലാണ്. ചൂണ്ടക്കടവിൽ മീൻ വാങ്ങാനാണ് വിഷ്ണുവും സുഹൃത്തുക്കളും എത്തിയത്. ഇവിടെ വച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിഷ്ണുവും ജയനും മുൻപൊരു അടിപിടിക്കേസിൽ കൂട്ടു പ്രതികളായിരുന്നു. വിഷ്ണുവും ജിജുവുമായാണ് ആദ്യം തർക്കമുണ്ടായത്. തുടർന്ന് ജയൻ ഇടപെടുകയും വിഷ്ണുവിന്റെ കഴുത്തിൽ കുത്തുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ചൂണ്ടക്കടവും സമീപ പ്രദേശമായ മണക്കണ്ടം ടവർ കേന്ദ്രീകരിച്ചും സാമൂഹ്യ വിരുദ്ധ ശല്യവും ലഹരി വസ്തുക്കളുടെ ഉപയോഗവും വർദ്ധിച്ചുവരുന്നതായും ഈ മേഖലയിൽ പൊലീസ് പട്രോളിംഗ് കുറവാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദുബായിൽ വെൽഡറായി ജോലിചെയ്യുന്ന വിഷ്ണു അടുത്തമാസം ആദ്യം ഗൾഫിലേക്ക് തിരിച്ചുപോകാനിരിക്കെയായിരുന്നു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ സംസ്കരിച്ചു.