
നാട്ടുപള്ളിക്കൂടത്തിൽ പോയ്‌വരുന്ന കുട്ടികളെ കാത്തുനിന്ന് അവരുടെ കൈയിലെ എഴുത്തോല വാങ്ങിയാണ് കുഞ്ഞൻ അക്ഷരങ്ങൾ പഠിച്ചത്. അവർ ഗൃഹപാഠം ചെയ്ത് ഗുരുവിനെ കാണിച്ചശേഷം ഉപേക്ഷിക്കുന്ന ഓലകൾ ശേഖരിച്ചും വായിക്കാൻ പഠിച്ചു. അതിൽത്തന്നെ ശേഷിച്ച ഭാഗങ്ങളിൽ ഉപേക്ഷിച്ചുകിട്ടിയ നാരായംകൊണ്ട് അക്ഷരങ്ങളും അക്കങ്ങളും കുറിച്ചിട്ട് കൂട്ടിവായിക്കാനും പഠിച്ചു. ഈ കുഞ്ഞനാണ് പിൽക്കാലത്ത് ചട്ടമ്പിസ്വാമിയെന്ന പേരിൽ വിഖ്യാതനായ കഥാപുരുഷൻ.
ഒരിക്കൽ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം എഴുതണമെന്ന് ആവശ്യപ്പെട്ട ഭക്തനോട് സ്വാമിയുടെ പ്രമുഖ ശിഷ്യനായ നീലകണ്ഠ തീർത്ഥപാദർ പറഞ്ഞത്, 'പരബ്രഹ്മത്തിന്റെ ജീവചരിത്രം എങ്ങനെ എഴുതും" എന്നാണ്. ഇക്കാര്യം മനസിലുൾക്കൊണ്ടാണ് പത്തുവർഷത്തെ പഠനത്തിലൂടെ ഇ.കെ.സുഗതൻ 'ജ്ഞാന സാഗരം ചട്ടമ്പിസ്വാമികൾ" എന്ന കൃതി തയ്യാറാക്കിയത്. ചട്ടമ്പി സ്വാമിയുടെ ജീവിതത്തെയും ദർശനത്തെയും പ്രതിപാദിക്കുന്ന അനേകം പുസ്തകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽനിന്ന് ഭിന്നമാണ് ബാല്യം മുതൽ സമാധിവരെ 25 അദ്ധ്യായങ്ങളിലൂടെ വരച്ചുകാട്ടുന്ന സുഗതന്റെ കൃതി. മികച്ച വായനാസുഖം നൽകുന്നതിനോടൊപ്പം ആരോടും വിദ്വേഷമില്ലാതെ, എന്നാൽ തിരുത്തപ്പെടേണ്ട ചില വസ്തുതകൾ യുക്തിഭദ്രമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ആത്മീയ സാധനയും യോഗസിദ്ധിയും സ്വായത്തമാക്കുകയും സന്യാസിവര്യന്മാരുടെ പരമ്പരാഗത ചിഹ്നങ്ങളായ കാവിവസ്ത്രവും കമണ്ഡലുവും ഉപേക്ഷിക്കുകയും ചെയ്ത യതിവര്യന്റെ ജീവചരിത്രം എത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് വായനയിലൂടെ മനസിലാക്കാം. ഒരേ പാതയിൽ സഞ്ചരിച്ച ശ്രീനാരായണ ഗുരുദേവനെയും ചട്ടമ്പിസ്വാമിയെയും രണ്ടായി കാണരുത്. തൈക്കാട് അയ്യാഗുരുവിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ജീവചരിത്രകാരൻ കൂടിയായ ഇ.കെ. സുഗതൻ വസ്തുതകൾ നിരത്തി ചിലത്
തിരസ്കരിക്കുന്നുണ്ട്. എന്നാൽ പലരും തമസ്കരിക്കാൻ ശ്രമിച്ച യാഥാർത്ഥ്യങ്ങൾ അനാവൃതമാക്കാനും ശ്രമിച്ചിട്ടുണ്ട്. സ്വാമി വിദ്യാനന്ദ തീർത്ഥപാദർ, പരവൂർ കെ.ഗോവിന്ദപ്പിള്ള, കുമ്പളത്ത് ശങ്കുപ്പിള്ള, കെ.ഭാസ്കരപിള്ള, ഡോ.കെ. മഹേശ്വരൻ നായർ, ജഗതി വേലായുധൻ നായർ തുടങ്ങിയവരുടെ കൃതികൾ ഈ ജീവചരിത്ര രചനയ്ക്ക് സുഗതൻ സഹായകമാക്കി.
ജ്ഞാനോദയമുണ്ടായവന് ആചാരവിധികളെയും താന്ത്രിക കല്പനകളെയും മറികടക്കാനുള്ള ആത്മബലം സ്വായത്തമാണ്. അക്കൂട്ടത്തിൽപ്പെട്ടവരുടെ ഗണത്തിൽ എടുത്തുപറയേണ്ട മഹാത്മാക്കളാണ് ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവും. ഇവരുടെ പ്രവർത്തനങ്ങൾ പരസ്പരപൂരകങ്ങളായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യന്റെ ആന്തരിക സംസ്കരണത്തിനു പാകമായൊരു അന്തരീക്ഷം സൃഷ്ടിച്ച ഇവരുടെ കർമ്മപുണ്യമാണ് സമൂഹത്തിൽ നാം അനുഭവിക്കുന്നത്. എന്നാൽ, ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണ് ശ്രീനാരായണ ഗുരുവെന്ന് സ്ഥാപിച്ചെടുക്കാൻ ചിലർ ശ്രമിച്ചിരുന്നു. ഇവരുടെ വിചാരം ശ്രീനാരായണ ഗുരുവിനെ മാറ്റി നിറുത്തിയാൽ ചട്ടമ്പിസ്വാമിയുടെ പ്രസക്തി നഷ്ടപ്പെട്ടുപോകുമെന്ന വിധത്തിലായിരുന്നു. ആ ഖണ്ഡന മണ്ഡനാദികളുടെ മുനയൊടിഞ്ഞുപോയെങ്കിലും ഇപ്പോഴും ആ വാദം ചിലർ ആവർത്തിക്കുന്നുണ്ട്. അതിനെ ഖണ്ഡിക്കുവാൻ യുക്തിഭദ്രമായ ഒട്ടേറെ വസ്തുതകൾ ഇ.കെ. സുഗതൻ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. അതിലൂടെ കല്പിതമായ ഒരു 'ഗുരുശിഷ്യ വിവാദ"ത്തിന് ശാശ്വതമായ വിരാമം കുറിക്കാൻ ഈ പുസ്തകത്തിന് കഴിയുമെന്ന് കരുതാം.
സമൂഹത്തിലെ ഭേദചിന്തകൾക്കെതിരെ പോരാടിയ സന്യാസിയെന്ന നിലയിലാണ് ചട്ടമ്പിസ്വാമിയെ ഇതിൽ വിവരിക്കുന്നത്. സ്വാമിയുടെ ആ സമരവീര്യത്തിന് ശ്രീനാരായണ ഗുരുവിന്റെ സർവ സ്വീകാര്യതയും സഹായകമായി എന്ന കാര്യവും ഗ്രന്ഥകാരൻ മറച്ചുവയ്ക്കുന്നില്ല. സ്വാമിയുടെ ബാല്യം മുതൽ സമാധി വരെയുള്ള ജീവിതവും സമീക്ഷയുമാണ് ഇതിലെ ഉള്ളടക്കം. വേദാധികാര നിരൂപണം പോലുള്ള അദ്ദേഹത്തിന്റെ അതുല്യ കൃതികളും സംക്ഷിപ്തമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ആഖ്യാന രീതിയുടെ മേന്മകൊണ്ട് ഒരു നോവൽ കണക്കെ വായനാനുഭവം നൽകുന്നൊരു കൃതിയാണിത്. ചട്ടമ്പിസ്വാമിയെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ കൃതികളിൽനിന്ന് ഈ ജീവചരിത്രം വ്യത്യസ്തത പുലർത്തുന്നു. വസ്തുതകൾ നിരത്തിയുള്ള ക്രമാനുഗതമായ വിഷയാവതരണം മറ്റൊരു പ്രത്യേകതയാണ്. ചട്ടമ്പിസ്വാമിയെ ബന്ധപ്പെടുത്തി ഗവേഷണങ്ങളിൽ ഏർപ്പെടുന്നവർക്കും ചരിത്ര വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. ഗൗരവത്തോടെ എഴുതാനാഗ്രഹിക്കുന്നവരും പഠിക്കുന്നവരും വായിച്ചിരിക്കേണ്ട പുസ്തകം കൂടിയാണിത്.
പ്രസാധകർ: സദ് ഭാവന ട്രസ്റ്റ്, തിരുവനന്തപുരം.