road-kadumoodiya-nilayil

കല്ലമ്പലം: നാവായിക്കുളം -തുമ്പോട് റോഡ്‌, ചാന്നാരുകോണം -പത്തനാപുരം റോഡുകൾക്ക് ഇരുവശവും വളർന്നുകിടക്കുന്ന പുൽക്കാടുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. പൊതുവെ വീതികുറഞ്ഞ ഈ റോഡിൽ ഒരുവാഹനം വന്നാൽ കാൽനടയാത്രക്കാർ കാട്ടിലേക്ക് കയറി നിൽക്കണം. നാവായിക്കുളം പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളുടെയും അവസ്ഥ ഇതു തന്നെയാണ്.

മൂവായിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂൾ, പ്രൈമറി സ്കൂൾ, ആയൂർവേദ ആശൂപത്രി, നിരവധി പാരലൽ കോളേജ്, ട്യൂഷൻ സെന്ററുകൾ, ബാങ്കുകൾ, സബ് രജിസ്റ്റർ ഓഫീസ്, പഞ്ചായത്ത്‌, വില്ലേജ്, എക്സൈസ്, ഫയർ സ്റ്റേഷൻ, ആരാധനാലയങ്ങൾ, കശുഅണ്ടി ഫാക്ടറികൾ,ഇ.എസ്.ഐ,പോസ്റ്റ്‌ ഓഫീസ് തുടങ്ങി അനേകം സ്ഥാപനങ്ങൾ സ്തിതിചെയ്യുന്ന നാവായിക്കുളത്ത് നല്ലൊരുഭാഗം ജനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.

റോഡുകൾ കാടായി മാറിയതോടെ ഇവിടം ഇഴജന്തുക്കളുടെയും മുള്ളൻപന്നികളുടെയും കേന്ദ്രമായി. ഈ കാട്ടിലേക്ക് മാലിന്യനിക്ഷേപം കൂടിയായതോടെ തെരുവുനായ്ക്കളും നിറഞ്ഞു. ഇതോടെ മനസമാധാനത്തോടെ വഴിനടക്കാൻ പറ്റാതായി.

ഒരാൾപ്പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുൽക്കാടുകൾ കാരണം വളവുകൾ വന്നാൽ ഡ്രൈവർമാർക്ക് മറുവശം കാണാനും കഴിയില്ല.

 ടാർചെയ്ത ഭാഗംവരെയും കാടുകയറിയതോടെ റോഡിന്റെ വീതി അറിയാനും കഴിയില്ല.

 നിലവിൽ റോഡിൽനിന്ന് പത്തടിയോളം താഴ്ത്തിയാണ് ദേശീയപാതയുടെ സർവീസ് റോഡ് നിർമ്മിക്കുന്നത്. നിലവിലെ പാതയുടെയും സർവീസ് റോഡിന്റെയും ഇടയ്ക്ക് സുരക്ഷാപാത്തി വീച്ചിട്ടുണ്ട്. വളർന്നുനിൽക്കുന്ന പുൽക്കാടുമൂലം ഇതൊന്നും കാണാതെയും റോഡിന്റെ വിസ്തീർണ്ണം മനസിലാക്കാൻ കഴിയാത്തതിനാലും വാഹനങ്ങൾ കുഴിയിലേക്ക് പതിക്കും.

 കാടുകൾ വെട്ടിമാറ്റണം

മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കൾ പുൽക്കാട്ടിൽ നിന്നും വാഹനങ്ങൾക്കു മുന്നിലേക്കു ചാടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. അപകടത്തിൽപ്പെട്ട് ചാകുന്ന നായകളെ ആരും മറവു ചെയ്യാതെ ആഴ്ചകളോളം ദുർഗന്ധം വമിച്ച് റോഡരികിൽ കിടക്കുന്നതും പതിവ് കാഴ്ചയാണ്. പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഈ കാടുകൾ വെട്ടിമാറ്റണമെന്നും നിലവിലുള്ള മാലിന്യം മറവുചെയ്ത് പ്രദേശം വൃത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.