1

പോത്തൻകാേട്: വാട്ടർ അതോറിട്ടിയുടെ ജലസംഭരണിയിൽ നിന്നുള്ള വെള്ളം കവിഞ്ഞൊഴുകി വീടുകളിൽ കയറിയിട്ടും നടപടിയെടുക്കാതെ അധികൃതർ.പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ശ്രീനാരായണപുരത്തുള്ള വെള്ളാണിക്കൽ പാറമുകളിലെ വാട്ടർ ടാങ്കിൽ നിന്നാണ് വെള്ളം കവിഞ്ഞൊഴുകി നാട്ടുകാർക്ക് ദുരിതമാകുന്നത്.സമീപത്തെ വീടുകളിലും പറമ്പുകളിലും മാത്രമല്ല, കിണറുകളിൽ വരെ ടാങ്കിൽ നിന്നുള്ള വെള്ളം കുതിച്ചൊഴുകി എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വാമനപുരം ശുദ്ധജലപദ്ധതിയുടെ ഭാഗമായി കട്ടിയാട് വാട്ടർ ടാങ്കിലെത്തുന്ന വെള്ളം കളിക്കൽ പമ്പ് ഹൗസിലെത്തിച്ച് ശ്രീനാരായണപുരത്തെ പ്രധാന വാട്ടർ ടാങ്കിൽ സംഭരിച്ചാണ് മുദാക്കൽ,മംഗലപുരം,അണ്ടൂർക്കോണം,കഠിനംകുളം,പോത്തൻകോട് തുടങ്ങിയിടങ്ങളിൽ വിതരണം ചെയ്യുന്നത്. കളിക്കൽ പമ്പ് ഹൗസിൽ നിന്ന് ശ്രീനാരായണപുരത്തെ കുന്നിൻ മുകളിൽ തറനിരപ്പിലുള്ള വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോഴാണ് ടാങ്ക് കവിഞ്ഞൊഴുകി താഴേക്ക് കുതിച്ചൊഴുകുന്നത്.ടാങ്ക് നിറയുമ്പോൾ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുന്നത് നിലയ്ക്കുന്ന സംവിധാനം ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. പകരം ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ടാങ്ക് പരിസരത്ത് കാണാറില്ലെന്ന് നാട്ടുകാർ പറയുന്നു.

വർഷങ്ങളായി വെള്ളം കെട്ടിക്കിടന്ന് പല വീടുകളും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.പാറയുടെ താഴ്‌വശത്ത് വെള്ളം കെട്ടിക്കിടന്ന് ഊറ്റലുണ്ടാവുകയും കിണറുകൾ നിറയുകയും ചെയ്യുന്നത് പതിവായിട്ടുമുണ്ട്. ഭൂമിക്ക് അടിയിലൂടെയും വെള്ളം ഒഴുകിപ്പോകുന്നുണ്ട്.ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും വീടുകൾ ഏതുസമയത്തും നിലംപൊത്താവുന്ന ഭീതിയിലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഒഴുകി ഒഴുകി... പാഴായി

ദിവസവും രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ 7 വരെ ഇത്തരത്തിൽ വെള്ളം ഒഴുകുന്നുണ്ട്.രാവിലെ വീടുകൾക്ക് ചുറ്റിലും മുട്ടറ്റം വെള്ളമാകും.കിണറുകൾ ചെളിവെള്ളം നിറഞ്ഞ് ഉപയോഗശൂന്യമാകും. ഇത്തരത്തിൽ ഓരോ ദിവസവും ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്.

കണ്ണടച്ച് അധികൃതർ

ടാങ്ക് കവിഞ്ഞൊഴുകുമ്പോൾ 60 അടിയേറെ ഉയരത്തിൽ നിന്ന് ചെറിയ പാറക്കല്ലുകളും ചെളിയും നിറഞ്ഞാണ് വീടുകളിലേക്കും കിണറുകളിലേക്കും വന്നടിയുന്നത്. ഇതു സംബന്ധിച്ച് വാട്ടർ അതോറട്ടിക്കും ജനപ്രതിനിധികൾക്കും പോത്തൻകോട് പഞ്ചായത്തിലും ഒട്ടനവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.