വർക്കല: സ്വത്തു തട്ടിയെടുക്കാനായി മകളും മരുമകനും ചേർന്ന് അമ്മയെ പട്ടിണിക്കിട്ട് കൊന്നതായുള്ള മകന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ വർക്കല ഡിവൈ.എസ്.പി ക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. 2022 ജൂൺ മാസത്തിലാണ് വർക്കല ചെറുകുന്നം സ്വദേശിയായ ഷീലാകുമാരി (58) മരിക്കുന്നത്. സ്വാഭാവിക മരണം എന്ന് പൊലീസ് വിധിയെഴുതിയ കേസിലാണ് മകൻ പരാതി നൽകിയത്. മരിച്ച ഷീലാകുമാരിക്ക് മരണസമയത്ത് 26 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നതെന്നും അന്നനാളത്തിൽ ഭക്ഷണത്തിന്റെ അംശങ്ങൾ ഇല്ലാതെയും കഴുത്തിന് പിൻഭാഗത്തായി മൂർച്ചയുള്ള വസ്തുവിന്റെയോ കഠിനമായ പ്രതലത്തിൽ ഇടിച്ചതോ ആയുള്ള മുറിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വസ്തുതകൾ പരിശോധിക്കാതെ സ്വാധീനത്തിന് വഴങ്ങി അന്നത്തെ ഡിവൈ.എസ്.പി യുടെ താത്പര്യപ്രകാരമാണ് സ്വാഭാവിക മരണമായി കേസിനെ കണ്ടതെന്നാണ് മകൻ ജിജോയുടെ ആരോപണം. 2015 ൽ ഷീലാകുമാരി മകന്റെ പേരിൽ എഴുതിവച്ച വിൽപത്രം 2019 ൽ മകളുടെ പേരിൽ തിരിച്ചെഴുതിയതായും പരാതിയിൽ പറയുന്നു.