വിഴിഞ്ഞം: വെള്ളായണി കായലിൽ വെള്ളത്തിനടിയിലായ പട്ടയഭൂമിക്ക് നഷ്ടപരിഹാരം വൈകുന്നു. മന്ത്രിമാർ ഇടപെട്ടിട്ടും കളക്ടറുടെ നേതൃത്വത്തിൽ നഷ്ടപരിഹാര - പുനരധിവാസ - പുനഃസ്ഥാപന സമിതി (ഡി.എൽ.എഫ്.സി) കൂടിയിട്ടും തീരുമാനമായില്ലെന്നാണ് പരാതി.ന്യായമായ സ്ഥലവില നൽകി ഭൂമിയേറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും എഴ് വർഷമായിട്ടും നടപ്പായില്ലെന്ന് കർഷകർ പറയുന്നു.

കർഷകരുടെ കൈവശഭൂമിയും വെള്ളായണി കാർഷിക കോളേജിന്റെ അധീനതയിലുള്ള 400 ഏക്കർ ഭൂമിയും ഉൾപ്പെടെയുള്ള സ്ഥലം ഇൻസെന്റീവ് നൽകിയാണ് പുഞ്ചക്കൃഷിക്ക് നൽകിയിരുന്നത്.വെള്ളം വറ്റിച്ച് കൃഷി ചെയ്യാൻ കഴിയാതിരുന്നതോടെയാണ് പട്ടയമുള്ള കൃഷിഭൂമിയിൽ വെള്ളം കയറിയത്.ഇതോടെ പുഞ്ചക്കർഷകരും വസ്തുവുടമകളും വെള്ളായണി പാടശേഖര - കായൽ സംരക്ഷണസമിതി രൂപീകരിച്ചു.പട്ടയഭൂമികൾ സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സമിതിയുടെ ആവശ്യം.

കർഷകരുടെ ആവശ്യപ്രകാരം സി.ഡബ്ല്യു.ഡി.ആർ.ഡി.എം കായൽസംരക്ഷണം സംബന്ധിച്ച് മാനേജ്മെന്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി പരിസ്ഥിതി വകുപ്പിന് നൽകി.ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിക്ക് സമർപ്പിച്ചു.

പട്ടയഭൂമിയുടെ അക്വിസിഷന് വേണ്ടിവരുന്ന 105 കോടി രൂപ ഉൾപ്പെടെ കായൽ സംരക്ഷണത്തിനായി 167.35 കോടി രൂപ വകയിരുത്തണമെന്നാണ് റിപ്പോർട്ടിൽ.കർഷകരുടെ 87.19 ഹെക്ടർ കൃഷി ഭൂമി വെള്ളം കയറി ഉപയോഗ ശൂന്യമായതായും ഭൂമി നിലവിൽ 626 കുടുംബങ്ങളുടെ കൈവശമാണെന്നും അന്നത്തെ യോഗത്തിൽ കളക്ടർ പറഞ്ഞിരുന്നു.എന്നിട്ടും പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

ഉപയോഗശൂന്യമായത് - 87.19 ഹെക്ടർ ഭൂമി

കായൽ സംരക്ഷണത്തിന് വകയിരുത്തേണ്ടത് - 167.35 കോടി രൂപ

യോഗം ചേർന്നു

തുടർസമരപരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വെള്ളായണി പാടശേഖര സമിതി ഇന്നലെ അടിയന്തര യോഗം ചേർന്നു.ജമീലാ പ്രകാശം ഉദ്ഘാടനം ചെയ്തു.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ശിവൻകുട്ടി നായർ,എസ്.അജിത് കുമാർ,എ.ജെ.റോയി,പാലപ്പൂര് രവി എന്നിവർ പങ്കെടുത്തു.

യോഗ തീരുമാനപ്രകാരം മുഖ്യമന്ത്രിയെ കണ്ട് വീണ്ടും നിവേദനം നൽകും.തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കും.

കോളിയൂർ ഗോപി, വെള്ളായണി

പാടശേഖര - കായൽ

സംരക്ഷണ സമിതി ചെയർമാൻ