വിതുര: മലയോര മേഖലയിൽ തുലാമഴ കനക്കുന്നു. പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ വനമേഖലകളിലാണ് കൂടുതൽ മഴ പെയ്യുന്നത്. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് കോരിച്ചൊരിഞ്ഞ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വ്യാപകമായി കൃഷി നാശവുമുണ്ടായി. വ്യാഴാഴ്ച രാത്രിയിലും മണിക്കൂറുകളോളം കനത്ത മഴയായിരുന്നു. മഴ ശക്തി പ്രാപിച്ചിട്ട് ഒരാഴ്ചയാകുന്നു.

കല്ലാറിലേക്ക് നിരവധി തവണ മലവെള്ളപ്പാച്ചിലുണ്ടായി. പാറകളും മരങ്ങളും ഒഴുകിയെത്തുകയും മണ്ണിടിച്ചിലുമുണ്ടായി. മഴയെ തുടർന്ന് പാലങ്ങളും സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളും വെള്ളത്തിൽ മുങ്ങി. നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പേപ്പാറ, അരുവിക്കര,നെയ്യാർ ഡാമുകളിലെ ഷട്ടറുകൾ തുറന്നിരുന്നു.

പൊന്മുടി തുറന്നു

ആദിവാസിമേഖലകളിലും കനത്ത മഴയാണ്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യത മുൻനിറുത്തി അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി കഴിഞ്ഞ ദിവസം മുതൽ തുറന്നു. കല്ലാർ മീന്മുട്ടി വെള്ളച്ചാട്ടം, മങ്കയം ടൂറിസം കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണെങ്കിലും വിനോദസഞ്ചാരികളുടെ വരവിന് യാതൊരു കുറവുമില്ല. മഴയെ അവഗണിച്ച് ആയിരങ്ങളാണ് പൊൻമുടി, ബോണക്കാട്. കല്ലാർ, പേപ്പാറ ടൂറിസം മേഖലകളിൽ എത്തുന്നത്. പൊൻമുടി അടച്ചിട്ടിരുന്നപ്പോഴും ധാരാളം സഞ്ചാരികൾ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയിരുന്നു.

വൈദ്യുതി മുടക്കവും

മഴയായതോടെ മലയോരമേഖലയിൽ വൈദ്യുതിമുടക്കവും പതിവാകുകയാണ്. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ലൈനിൽ പതിച്ചാണ് വൈദ്യുതി നിലയ്ക്കുന്നത്. കല്ലാർ, ആനപ്പാറ, മൊട്ടമൂട്, പൊൻമുടി, പേപ്പാറ, ബോണക്കാട് മേഖലകളിലാണ് വൈദ്യുതിമുടക്കം പതിവാകുന്നത്.

ജാഗ്രത പാലിക്കണം

പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലയിൽ മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയുണ്ട്. കല്ലാർ നദിയിൽ കുളിക്കാനിറങ്ങുന്ന സഞ്ചാരികളും നദീതീരങ്ങളിൽ അധിവസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും അറിയിച്ചു. മഴ ഇനിയും കനത്താൽ പൊൻമുടിയും, കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടമുൾപ്പെടെ വീണ്ടും അടച്ചിടാൻ സാദ്ധ്യതയുണ്ട്.