
പാലോട്: പെരിങ്ങമ്മല പാടശേഖരത്തിലെ കർഷകന്റെ കണ്ണുനീരിന് ഇനിയും ശമനമില്ല. കാട്ടുപന്നി ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകരിപ്പോൾ. നടീലിനൊരുക്കിയ ഞാറുകളെല്ലാം പന്നിക്കൂട്ടം നശിപ്പിച്ചു. വയലും വരമ്പും കുത്തി മറിച്ചു. രണ്ടുമാസം മുൻപ് കൊയ്യാൻ പാകമായ വയലുകളിൽ കാട്ടുപന്നിയിറങ്ങി വലിയ നാശനഷ്ടമാണുണ്ടാക്കിയത്. അന്ന് കൃഷിഭവൻ മുഖേന സർക്കാരിന് നഷ്ടപരിഹാരത്തുകയ്ക്കായി അപേക്ഷ നൽകിയെങ്കിലും നാളിതുവരെ ഒരു രൂപ പോലും ലഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ചുറ്റുവേലി നശിച്ച നിലയിലുമാണ്. ഒറ്റരാത്രി കൊണ്ടാണ് പെരിങ്ങമ്മലയിലെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. കൊയ്ത്തിന് പാകമായ നെല്ലിനു വേണ്ടി കാവലിരിക്കുന്നതിനിടെയാണ് ശക്തമായ മഴ പെയ്ത ദിവസം കാട്ടുപന്നിക്കൂട്ടം ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചത്. നിലവിൽ ഇപ്പോഴും സജീവമായി നെൽകൃഷിയുള്ള ഏകപാടശേഖരമാണ് പെരിങ്ങമ്മലയിലേത്.
സംരക്ഷണവേലി തകർന്നു
പാടശേഖരത്തിന് മുൻപുണ്ടായിരുന്ന സംരക്ഷണവേലി പുനഃസ്ഥാപിക്കണമെന്നും വന്യമൃഗശല്യത്തിൽ നിന്നും രക്ഷനേടാൻ സൗരവേലി സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കും സർക്കാരിനും പാടശേഖരസമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. വയലിലേക്കാവശ്യമുള്ള വെള്ളത്തിനായി ഒരു തലക്കുളം നിർമ്മിച്ചെങ്കിലും മോട്ടോർ സ്ഥാപിക്കാത്തതിനാൽ വെള്ളമെടുക്കാനും കഴിയാത്ത അവസ്ഥയാണ്.
കർഷകർക്ക് അവഗണന
പെരിങ്ങമ്മല കട്ടക്കാൽ മുതൽ മാന്തുരുത്തി വരെ നീളമുണ്ടായിരുന്ന പാടശേഖരമാണ് പെരിങ്ങമ്മല ഏലായിലുണ്ടായിരുന്നത്. വയൽ നികത്തൽ മൂലം പകുതിയിലധികം പാടം നഷ്ടമായതോടെ ഒരു വിഭാഗം കർഷകർ സംഘടിച്ച് പാടശേഖര സമിതിയുണ്ടാക്കി. അതിന് ശേഷം ഇവിടെ കൃഷി മുടങ്ങിയിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള നാൽപ്പതോളം കർഷകരാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൃഷി ചെയ്യുന്നതിൽ നിന്നുള്ള ലാഭം പലപ്പോഴും കർഷകർക്ക് ലഭിക്കാറില്ല. കാട്ടുമൃഗങ്ങളുടെ ശല്യത്താൽ രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ചാണ് കൃഷിക്ക് കാവലിരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ വർഷം കൊയ്ത്തിന് സമയമായപ്പോൾ പന്നിക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു. പ്രകൃതി ക്ഷോഭവും കാട്ടുമൃഗങ്ങളെയും അവഗണിച്ച് കൃഷി ചെയ്യുന്ന കർഷകരാണ് ഇപ്പോൾ കൃഷിഭവന്റെ അവഗണനയിൽ പ്രതിഷേധിച്ച് കൃഷി നിറുത്താൻ തീരുമാനിച്ചിരിക്കുന്നത്.