വർക്കല: വർക്കല ഗവ.താലൂക്ക് ആശുപത്രിയിൽ ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രി കവാടത്തിലും ക്യാഷ്വാലിറ്റി കെട്ടിടത്തിന്റെ പരിസരത്തും പലപ്പോഴും ചെറുതും വലുതുമായ ആക്രമണങ്ങളും നടക്കാറുണ്ട്. രണ്ടര ഏക്കർ സ്ഥലത്താണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. ഇവിടം മുഴുവൻ നിരീക്ഷിക്കാൻ ആകെയുള്ളത് 4 ക്യാമറകൾ മാത്രം. ആശുപത്രിയിൽ എത്തുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇത് പര്യാപ്തമല്ല. വാർഡുകളിലും ക്യാഷ്വാലിറ്റി കെട്ടിടത്തിന് മുന്നിലുമായി നിരവധി ആക്രമണ സംഭവങ്ങളാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗികളുമായി വരുന്ന വാഹനങ്ങൾ അല്ലാതെ പുറമെ നിന്നുള്ള വാഹനങ്ങളും ആശുപത്രി പരിസരത്ത് പതിവായി തമ്പടിക്കുന്നതായും പരാതിയുണ്ട്.
രാത്രിയും പകലുമായി സുരക്ഷാ ഡ്യൂട്ടിക്ക് ഒരുദിവസം രണ്ട് ജീവനക്കാരാണുള്ളത്. ആശുപത്രി മോർച്ചറിയുടെ ഭാഗത്ത് വാഹനം പാർക്ക് ചെയ്ത ശേഷം എട്ടും പത്തും പേരടങ്ങുന്ന സംഘം മദ്യപിക്കുന്നത് പതിവാണെന്നും ഡ്യൂട്ടിയിലുള്ള സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്താൽ തിരിച്ച് ആക്രമണം ഉറപ്പാണെന്നും പരാതിയുണ്ട്.
നഴ്സിംഗ് അസിസ്റ്റൻഡ് അല്ലെങ്കിൽ ആംബുലൻസ് ഡ്രൈവർ
ആശുപത്രി കോമ്പൗണ്ടിന് പുറത്താണ് സ്വകാര്യ ആംബുലൻസ് സ്റ്റാൻഡ്. ആംബുലൻസ് ഡ്രൈവർമാരിൽ ചിലർ രാത്രിയിൽ വൈഫൈ ഉപയോഗിക്കുന്നതിനായി ക്യാഷ്വാലിറ്റിയുടെ സമീപത്തുതന്നെ കാണും. ഇതിൽ ചിലർ രോഗികളോട് മോശമായി പെരുമാറുമെന്നും പരാതിയുണ്ട്. ഇക്കഴിഞ്ഞ 27ന് രാത്രിയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റത് ഇത്തരം മോശം കമന്റുകൾ കാരണമാണ്. സി.സി.ടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തവുമാണ്. ആക്സിഡന്റ് പറ്റി ഒന്നിലധികം ക്യാഷ്വാലിറ്റി കേസുകൾ എത്തുന്ന സമയങ്ങളിൽ നഴ്സിംഗ് അസിസ്റ്റന്റായി ഇവർ പ്രവർത്തിക്കുന്നതായും ആക്ഷേപമുണ്ട്. രോഗികളുടെ ബന്ധുക്കൾ ഇവരുടെ സാന്നിദ്ധ്യത്തെ ചോദ്യം ചെയ്തിട്ടുള്ള സാഹചര്യങ്ങളും നിരവധിയാണ്. അതേസമയം, ആംബുലൻസ് ഡ്രൈവർമാരിൽ ചിലരുടെ പ്രവൃത്തികളാണ് മറ്റുള്ളവർക്കും പേരുദോഷം ഉണ്ടാക്കുന്നതെന്നും പരാതിയുണ്ട്.
ലഹരി ലോബികൾ
ലഹരി ലോബികൾ ആശുപത്രി പരിസരത്ത് വ്യാപകമാണെന്നും രോഗികൾ ആരോപിച്ചു. ആശുപത്രി കോമ്പൗണ്ടിൽ പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന ഉറപ്പിൽ ലഹരി വസ്തുക്കളുടെ കൈമാറ്റത്തിനും വില്പനയ്ക്കും സുരക്ഷിതമായ ഇടമായി ഇവിടം മാറ്റി. ആശുപത്രി കവാടത്തിൽ സെക്യൂരിറ്റി എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും ഒപ്പം വാഹനങ്ങളുടെ നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മിനിമം സുരക്ഷയെങ്കിലും ഉറപ്പാക്കുന്നതിന് സാദ്ധ്യമാകും.