
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇടിഞ്ഞുവീണ വഞ്ചിയൂർ അത്തിയറമഠം ദേവീക്ഷേത്രത്തിന് മുന്നിലെ റോഡിന്റെയും സംരക്ഷണഭിത്തിയുടെയും നിർമ്മാണപ്രവർത്തനം ഭാഗികമായി പുനഃസ്ഥാപിച്ചു.വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന സംരക്ഷണഭിത്തിയുടെ ഒരുഭാഗം കഴിഞ്ഞ മാസം 7നാണ് ആമയിഴഞ്ചാൻ തോട്ടിലേക്ക് പതിച്ചത്. റോഡിൽ ആ സമയം ആളുകളില്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. ഇടിഞ്ഞ ഭാഗങ്ങൾ താത്കാലികമായി നവീകരിച്ചെങ്കിലും തോടിന്റെ മറ്റു ഭാഗങ്ങളിപ്പോഴും അപകടാവസ്ഥയിലാണ്. വഞ്ചിയൂരിൽ നിന്ന് പാറ്റൂരിലേക്ക് പോകുന്ന ഒരുകിലോമീറ്ററോളം വരുന്ന ലിങ്ക് റോഡാണിത്. റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് കേരളകൗമുദി ഒക്ടോബർ 8ന് വാർത്ത നൽകിയിരുന്നു.
ഭയന്നുള്ള യാത്ര
അത്തിയറമഠം ദേവീക്ഷേത്ര റോഡിലൂടെ യാത്രചെയ്യാൻ ഭയക്കണം. ഏതു നിമിഷവും അപകടം സംഭവിക്കാം. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനും നഗരസഭയ്ക്കും നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വഞ്ചിയൂർ മുതൽ ഉള്ളൂർ വരെയുള്ള ആമയിഴഞ്ചാൻ തോടിന് മുകളിൽ പൂർണമായും സ്ളാബ് ഇട്ട് ഗതാഗതയോഗ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ 25 കോടിയുടെ ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വർക്ക് ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നിട്ടില്ല. ഇത്രയും വലിയ പ്രോജക്ട് വരുന്നതിനാലാണ് റോഡും സംരക്ഷണ ഭിത്തിയും പൂർണമായി നവീകരിക്കാത്തതെന്ന് അധികൃതർ പറഞ്ഞു.
15-ാം തീയതിവരെ വിളിച്ചിട്ടുള്ള ടെൻഡർ ആരും ഏറ്റെടുത്തില്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കും.
ഗായത്രി ബാബു
വഞ്ചിയൂർ കൗൺസിലർ