ചിറയിൻകീഴ്: 92-ാമത് ശിവഗിരി മഹാതീർത്ഥാടന വിളംബര പദയാത്രയ്ക്ക് മുന്നോടിയായി നാളെ എസ്.എൻ.ഡി.പി യോഗം വനിതാ സംഘം ചിറയിൻകീഴ് താലൂക്ക് യൂണിയൻ ഭാരവാഹികളടക്കം 51 അംഗ കൗൺസിലർമാരടങ്ങുന്ന സംഘം ചെമ്പഴന്തി - അരുവിപ്പുറം ഗുരുകേന്ദ്രങ്ങളിൽ ആത്മബോധന തീർത്ഥയാത്ര നടത്തും.യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശിന്റെ നേതൃത്വത്തിൽ രാവിലെ 6ന് ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ നിന്ന് പുറപ്പെടും.7ന് ചെമ്പഴന്തി ഗുരുകുലത്തിലെത്തി വയൽവാരം വീട്ടിൽ സമൂഹപ്രാർത്ഥന നടത്തും.തുടർന്ന് അരുവിപ്പുറം ക്ഷേത്രത്തിലെത്തി കൊടിതൂക്കിമല സന്ദർശിക്കും.ഉച്ചയ്ക്ക് 1ന് മഹാഗുരുപൂജ,2ന് പ്രാർത്ഥനാ ഹാളിൽ നടക്കുന്ന ആത്മീയ സദസ് കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.സാജ് ഉദ്ഘാടനം ചെയ്യും.തുടർന്ന് വനിതാസംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരു കൃതികളുടെ സംഗീതാവിഷ്കരണം നടത്തും.ഡിസംബർ 25ന് ചിറയിൻകീഴ് ശാർക്കര ഗുരുക്ഷേത്രമണ്ഡപത്തിൽ നിന്ന് 1000 ഗുരുവിശ്വാസികൾ പങ്കെടുക്കുന്ന ആദ്യതീർത്ഥാടന വിളംബര പദയാത്ര സംഘം ശിവഗിരിയിലേക്ക് പുറപ്പെടും.