തിരുവനന്തപുരം: 'ഇപ്പം ശരിയാക്കി തരാം..."നഗരത്തിലെ സ്മാർട്ട് സിറ്റി റോഡുകളുടെ പുരോഗതി ചോദിക്കുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് ഇത് കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഇടയ്ക്കിടെയെത്തിയ മഴയുമാണ് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം.

മാനവീയം,തൈക്കാട് കലാഭവൻ മണി റോഡ്,കൊച്ചാർ റോഡ്,ശ്രീമൂലം റോഡ്,കോട്ടയ്ക്കകത്തെ റോഡുകൾ,കിഴക്കേകോട്ട താലൂക്ക് ഓഫീസിനടുത്തെ റോഡുകൾ,ഫോർട്ട് പത്മ നഗർ റോഡുകൾ ഉൾപ്പെടെ 40ഓളം റോഡുകളുടെ പണി ഏതാണ്ട് പൂർത്തിയായി.കെ.ആർ.എഫ്.ബിയുടെ കീഴിലുള്ള 13 റോഡുകളുടെ പണിയും ചാലയിലെ റോഡുകളുമാണ് ഇനി അവശേഷിക്കുന്നത്.

നഗരസഭയിലെ 9 വാർഡുകളിലെ റോഡ്,​ഗതാഗതം,​ജലസേചനം,​പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് നഗരത്തെ ഹൈടെക്കാക്കുന്ന സംരംഭമാണ് സ്മാർട്ട് സിറ്റി പദ്ധതി.സോളാർ സിറ്റി,മൾട്ടി ലെവൽ കാർ പാർക്കിംഗ്,പാർക്കുകളുടെ നവീകരണം,മാർക്കറ്റുകളുടെ നവീകരണം തുടങ്ങി വിവിധ നവീകരണപ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.

നഗരസഭ ഏറ്റെടുത്ത 79ഓളം പ്രോജക്ടുകളിൽ നിലവിൽ 60ഓളം പൂർത്തീകരിച്ചതായും 2025 മാർച്ചോടെ അവശേഷിക്കുന്നവ പൂർത്തിയാക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

സോളാർ സിറ്റി

514 സ്ഥലങ്ങളിലായി 17.2 മെഗാ വാൾട്ട് സോളാർ പ്ലാന്റുകൾ ലക്ഷ്യമിട്ടപ്പോൾ 502 എണ്ണം പൂർത്തിയാക്കി. കെ.എസ്.ഇ.ബി വൈദ്യുതി ഗ്രിഡിലേക്ക് കമ്മിഷൻ ചെയ്യുകയും ചെയ്തു. പാളയം സാഫല്യം,തമ്പാനൂർ റെയിൽവേ സ്റ്റേഷന് എതിർവശം എന്നിവിടങ്ങളിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ് പൂർത്തിയാക്കി. പുത്തരിക്കണ്ടത്തും മെഡിക്കൽ കോളേജിലുമുള്ളവ പൂർത്തിയായി വരുന്നു. പുത്തരിക്കണ്ടം,ശ്രീചിത്തിര തിരുനാൾ,മ്യൂസിയം,പുത്തൻചന്ത,ശ്രീകണ്ഠേശ്വരം തുടങ്ങിയ പാർക്കുകളുടെ നവീകരണം പൂർത്തിയാക്കി.

മറ്റ് പദ്ധതികളുടെ അവസ്ഥ

പാളയം മാർക്കറ്റിലെ 344 കടക്കാർക്കുള്ള താത്കാലിക പുനരധിവാസ ബ്ലോക്ക് പൂർത്തിയായി. കടക്കാർ അങ്ങോട്ട് മാറിയാൽ മാർക്കറ്ര് നിർമ്മാണം ആരംഭിക്കും.

ചെങ്കൽച്ചൂളയിൽ നാല് നിലകളിലായി 32 ഫ്ലാറ്റുകളുടെ നിർമ്മാണത്തിനായി പൈലിംഗ് ആരംഭിച്ചു. സിറ്റി സേഫ്ടിയുടെ ഭാഗമായി 113 ജംഗ്ഷനുകൾ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പൂത്തിയായി.

ഡ്രെയ്നേജ് പണികൾ, കരമനയാറിലെ 1.5 കിലോമീറ്റർ നടപ്പാത നവീകരണം എന്നിവ പുരോഗമിക്കുന്നു

സ്മാർട്ട് സിറ്റി പദ്ധതി - ആകെ 79 പ്രോജക്ടുകൾ

ചെലവ് - 1247.47 കോടി

ആകെ സ്മാർട്ട് റോഡുകൾ - 53

കെ.ആർ.എഫ്.ബിയുടെ കീഴിലുള്ള 13 റോഡുകളുടെ പണിയും ചാലയിലെ റോഡുകളും അവശേഷിക്കുന്നു