sreepadam-stadeeyam

ആറ്റിങ്ങൽ: സംരക്ഷണവും അറ്റകുറ്റപ്പണികളുമില്ലാതെ ആറ്റിങ്ങൽ വലിയകുന്ന് ശ്രീപാദം സിന്തറ്റിക് സ്റ്റേഡിയം നാശത്തിൽ. നിലവിലെ സിന്തറ്റിക് ട്രാക്ക് ഉപയോഗശുന്യമാണ്. വിശാലമായ വലിയകുന്ന് സ്റ്റേഡിയത്തിന്റെ നവീകരണം ആറ്റിങ്ങൽ മേഖലയിലെ കായികപ്രേമികളുടെ ദീർഘകാല ആവശ്യമായിരുന്നു.

സിന്തറ്റിക്ക് നിർമ്മാണം പൂർത്തിയാക്കിയിട്ട് പത്ത് വർഷം കഴിഞ്ഞു. ഇപ്പോൾ ട്രാക്കിന് അകത്തും പുറത്തും പുല്ല് വളർന്നു. സമീപത്തെ പുൽചെടികൾ സിന്തറ്റിക് ട്രാക്കിലേക്ക് വേരോടിച്ചുകഴിഞ്ഞു. സ്റ്റേഡിയത്തിലെ ടോയ്‌ലെറ്റുകളും ഉപയോഗ ശൂന്യമാണ്. മേഖലയിൽ മറ്റൊരു സ്റ്റേഡിയം ഇല്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്പോർട്സ് ക്ലബുകളും കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഇവിടെയാണ്. 5000 രൂപയാണ് സിന്തറ്റിക് ട്രാക്കിന്റെ ഒരു ദിവസത്തെ വാടക. പുറമേ ക്ലീനിംഗ് ചാർജ് ഇനത്തിൽ 1000 രൂപ വേറെയും.

 പരാതിയും ഏറെ

തിരുവന്തപുരം ജില്ലയിൽ വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന സ്റ്റേഡിയമാണ് ആറ്റിങ്ങലിലേത്. എന്നാൽ അതിനുള്ള പരിഗണന സംസ്ഥാന സർക്കാരിൽ നിന്നോ, സംസ്ഥാന സ്പോർട്സ് കൗൺസിന്റെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. സ്റ്റേസിയത്തിലെത്തുന്ന കായിക താങ്ങൾക്കും, ഓഫീഷ്യൽസിനും കാണികൾക്കും അർഹമായ പരിഗണന പോലും ഇവിടെ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.