
മുടപുരം: കൊറാട്ടുവിളാകത്തെ നടപ്പാലം പൊളിച്ച് പകരം വാഹനഗതാഗതത്തിനുതകുന്ന പുതിയപാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കാലപ്പഴക്കം കാരണം തകർന്ന നിലയിലാണ് ഈ പാലം. കിഴുവിലം പഞ്ചായത്തിലെ 14,17 വാർഡുകളുടെ അതിർത്തി പ്രദേശത്ത് വാമനപുരം നദിയുടെ കൈവഴിയായ ശാർക്കര ഈഞ്ചക്കൽ ആറിന് കുറുകെയാണ് പാലം. 65 വർഷം മുമ്പ് 1 മീറ്റർ വീതിയിൽ നിർമ്മിച്ച പാലത്തിലൂടെ കാൽനടയാത്രയും ഇരുചക്രയാത്രക്കാരും മാത്രമാണ് പോകുന്നത്. ആറിനോട് ചേർന്നുള്ള പ്രദേശത്തു 70 ഓളം വീടുകളുണ്ട്. ഒരു ആശുപത്രികാര്യം വന്നാൽ ഒരു ഓട്ടോയ്ക്കുപോലും പാലത്തിന്റെ ഇപ്പുറം കടന്നുവരാൻ കഴിയില്ല.
റോഡ് നന്നാക്കണം
കൂന്തള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ നിന്നാരംഭിക്കുന്ന റോഡ് കൊറാട്ടുവിളാകം നടപ്പാലത്തിൽ വന്ന് അവസാനിക്കും. കാലപ്പഴക്കം മൂലം ഈ പാലത്തിന്റെ അടിഭാഗത്തെ സിമന്റും കോൺക്രീറ്റും ഇളകി കമ്പികൾ പുറത്തേക് തള്ളി നിൽക്കുകയാണ്. കൂടാതെ പാലത്തിയിൽ നിന്ന് കാട്ടുമുറാക്കലിലേക്ക് പോകുന്ന റോഡ് ടാർചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യമുണ്ട്. ശർക്കര ഇരപ്പു പാലത്തിൽ നിന്ന് ആരംഭിക്കുന്ന റോഡ് കൊറാട്ടുവിളാകം നടപ്പാലം വരെ നേരത്തെ ടാർ ചെയ്തു ഗതാഗത യോഗ്യമാക്കിയിരുന്നു. ബാക്കിയുള്ള ഭാഗവും ആറിന്റെ ഭാഗവും സൈഡ് വാൾ നിർമ്മിച്ച് ടാർചെയ്യാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.