തിരുവനന്തപുരം: ജനങ്ങളുടെ സേവകരാവേണ്ട പൊലീസിലെ അപൂർവം ചിലർ ജനങ്ങളുടെ യജമാനന്മാരാണെന്ന തെറ്റായ ചിന്തയോടെ പെരുമാറുകയാണെന്നും ഇത് സേനയെ കളങ്കപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കുറ്റകൃത്യങ്ങളിൽ പ്രതികളായ 108പൊലീസുകാരെ പിരിച്ചുവിട്ടു. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പൊലീസിന്റെ 68-ാം രൂപീകരണ വാർഷികം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 264 പൊലീസുദ്യോഗസ്ഥർക്ക് 'മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും' വിതരണം ചെയ്തു.
ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നവരെ കണ്ടെത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റാന്വേഷണ മികവിൽ പൊലീസിന് പകരംവയ്ക്കാൻ രാജ്യത്ത് മറ്റൊരു സേനയില്ല. പൊലീസിൽ വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് ഒഴിവുകളിൽ പത്തു ശതമാനം വനിതകൾക്ക് മാത്രമായി നീക്കിവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബും ഉന്നത പൊലീസുദ്യോഗസ്ഥരും പങ്കെടുത്തു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന, കെ.എ.പി. രണ്ടാം ബറ്റാലിയൻ അസി. കമൻഡാന്റ് പ്രമോദ് വി തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി.