വെമ്പായം: പൊതുവെ വിപണി കുറഞ്ഞുവരുന്ന വെറ്റിലയ്ക്ക് വിലകൂടി കുറയാൻ തുടങ്ങിയതോടെ കർഷകർ ദുരിതത്തിൽ. ഓണത്തിന് മുൻപ് കെട്ടിന് 150ന് മുകളിലായിരുന്നു വില. ഇപ്പോഴത് 100ന് താഴെയായി. ആയുർവേദ ഉത്പാദനത്തിനുൾപ്പെടെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് വില താഴുന്നത് ശുഭ സൂചകമല്ലെന്ന് കർഷകർ പറയുന്നു. മറ്റ് കർഷിക ഉത്പന്നങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കാത്തതിനാൽ മിക്കവാറും നഷ്ടങ്ങളുടെ കണക്കുമാത്രമാണ് മിച്ചംകിട്ടുന്നത്. നിലവിൽ പല വെറ്റില കർഷകരും മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വിപണിയിൽ പാൻമസാലയുടെ വരവോടെ മുറുക്കാൻ കടകളിൽ കച്ചവടം കുറഞ്ഞതും വെറ്റിലയുടെ വിലത്തകർച്ചയ്ക്ക് കാരണമായി. എങ്കിലും കിളിമാനൂർ,കല്ലറ,വെഞ്ഞാറമൂട്,വാമനപുരം നെടുമങ്ങാട് എന്നിവിടങ്ങളിലെ ചന്തകളിൽ വെറ്റില വ്യാപാരം കാണാൻ കഴിയും.

 വില്ലന്മാരായി രോഗങ്ങൾ

സാധാരണ പച്ചക്കറികൾക്ക് വരുന്ന കീടങ്ങൾ വെറ്റിലയെ ബാധിക്കാറില്ല. വേരുചീയൽ,​ മൊസൈക്ക്‌രോഗം, പൂപ്പൽ,​ ഇലപ്പുള്ളിരോഗം എന്നിവയാണ് ഇളം പ്രായത്തിൽ വരുന്ന പ്രധാനരോഗങ്ങൾ. ഇതിൽ മൊസൈക്ക് രോഗം,​ ഇലപ്പുള്ളി രോഗം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗങ്ങൾ. മൊസൈക്ക് രോഗം പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയാണിതിന്റെ ലക്ഷണം. ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇലപ്പുള്ളിരോഗത്തിന്റെ ലക്ഷണം. പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങും.

ആഴ്ചയിൽ ഒരിക്കലാണ് വെറ്റില വിളവെടുപ്പ്. ആഴ്ചതോറും വരുമാനം കിട്ടുന്ന കൃഷിയായതിനാൽ ധാരാളം പേർ ഉപജീവന മാർഗമായി രംഗത്തറങ്ങിയിരുന്നു. എന്നാൽ സ്ഥിരമായ വിലയില്ലാത്തതും രോഗബാധയും കർഷകരെ പിൻതിരിപ്പിച്ചു.