
പാലോട്: കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്ന് മണിയോടെ പെയ്ത മഴ കടുത്തതോടെ തെങ്കാശി പാതയിൽ വഞ്ചുവം മുതൽ മടത്തറ വരെയുള്ള വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. കോടികൾ മുടക്കി നിർമ്മിച്ച ഓടയിലൂടെ ഒരുതുള്ളി വെള്ളം പോലും ഒഴുകില്ല. ഇളവട്ടം ജംഗ്ഷനിൽ റോഡും തോടും ഒന്നായ അവസ്ഥയാണ്.
മണിക്കൂറുകളോളം ഗതാഗതം നിലച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ വെള്ളക്കെട്ടിൽ കുടുങ്ങി. മൃതദേഹവുമായി വന്ന ആംബുലൻസ് വെളളം കയറി കേടായി. തുടർന്ന് മറ്റൊരു ആംബുലൻസ് വരുത്തിയാണ് മൃതദേഹം മാറ്റിയത്. വിതുരയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെയും പാലോട് പൊലീസിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈ പ്രദേശത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
പ്രദേശം വെള്ളത്തിൽ
നന്ദിയോട്,പ്ലാവറ,കുശവൂർ ജംഗ്ഷനുകളെല്ലാം മഴ തുടങ്ങിയ നാൾ മുതൽ വെള്ളത്തിനടിയിലാണ്. പ്ലാവറ പമ്പ് ഇരിക്കുന്ന പ്രദേശത്ത് ഓട ഇല്ലാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാണ്. താന്നിമൂട് ചുണ്ടക്കരിക്കകത്ത് കമുക് ഒടിഞ്ഞ് വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. റോഡിലെ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗത തടസവും ഉണ്ടായി.
മണ്ണിടിച്ചിലും
താന്നിമൂട് പെട്രോൾ പമ്പിനു സമീപം മണ്ണിടിഞ്ഞ് വീണു. കോടികൾ മുടക്കി നവീകരിച്ച പാലോട് ബ്രൈമൂർ റോഡിന്റെയും അവസ്ഥ വ്യത്യസ്തമല്ല. കോടികൾ ചിലവഴിച്ച് റോഡുകൾ വികസിപ്പിച്ചുവെങ്കിലും അശാസ്ത്രീയമായ ഓട നിർമ്മാണമാണ് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് ആക്ഷേപം. അടിയന്തരമായ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.