
വിഴിഞ്ഞം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കൂറ്റൻ കപ്പലടുത്തു. ഇന്നലെ പുലർച്ചെ പുറംകടലിലെത്തിയ കപ്പൽ ഉച്ചയോടെയാണ് ബെർത്തിലടുത്തത്. 3 മണിയോടെ മൂറിംഗ് നടപടികൾ പൂർത്തിയാക്കി. 399.98 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള എം.എസ്.സി വിവിയാന എന്ന കപ്പലാണ് എത്തിയത്. 16.2 മീറ്റർ ഡ്രാഫ്ടാണ് കപ്പലിനുള്ളത്. ലൈബീരിയൻകൊടിയുടെ കീഴിലെ കപ്പൽ മാലിയിൽ നിന്നുമാണ് വിഴിഞ്ഞത്തേക്കെത്തിയത്. ഇന്ന് രാത്രിയോടെ കപ്പൽ കൊളംബോയിലേക്ക് മടങ്ങും. ജൂലായ് മുതൽ ഇതുവരെ ചെറുതും വലുതുമായി 40ഓളം കപ്പലുകളാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്ന് മടങ്ങിയത്. ട്രയൽ റൺ സമയത്തുതന്നെ കൂറ്റൻ കപ്പലുകളെ വരവേറ്റ വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്നതോടെ കൂടുതൽ പുരോഗതി കൈവരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.