
ആര്യനാട്: പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് സ്റ്റേഷൻ കാണാൻ കുട്ടികളെത്തി. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് ആര്യനാട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. പരേഡും അനുബന്ധ പ്രവർത്തനങ്ങളും ഉണ്ടെങ്കിലും സ്റ്റേഷൻ നേരിട്ട് കാണാത്ത കുട്ടികളുടെ ആഗ്രഹമായിരുന്നു ഇത്. എസ്.പി.സി അദ്ധ്യാപകനോട് കുട്ടികൾ ഇക്കാര്യം പങ്കുവച്ചപ്പോൾ തന്നെ സ്കൂൾ അധികൃതരും ആര്യനാട് പൊലീസും സ്റ്റേഷൻ കാണാൻ അവസരമൊരുക്കി. എസ്.എച്ച്.ഒ വി.എസ്.അജീഷ്, എസ്.ഐ ഷീന എന്നിവർ കുട്ടികൾക്ക് സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പൊലീസ് ഉദ്യോഗസ്ഥരായ ഷാഫി,കെ.അരുൺ,ഗായത്രി,ദീപ എന്നിവർ കുട്ടികളെ സഹായിച്ചു. പരാതികളുമായി എത്തുന്നവരേയും കാണാൻ കഴിഞ്ഞു. ഹെഡ്മിസ്ട്രസ് ജി.ലില്ലി,അദ്ധ്യാപകരായ സാബു,ബി.ആർ.സിമി,വി.നന്ദുലാൽ എന്നിവരും പങ്കെടുത്തു.