photo

നെടുമങ്ങാട്: കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും കൃഷിനാശവും വ്യാപകം. കുറുപുഴ ജംഗ്ഷനിൽ മഴവെള്ളപ്പാച്ചിലിൽ ഗതാഗതം സ്തംഭിച്ചു. നഗരസഭ പരിധിയിൽപ്പെട്ട പൂവത്തൂർ ഏലായിൽ വെള്ളം കയറി കൃഷി നശിച്ചു. വാഴ,പയർ,പടവലം,പാവൽ,ചീര മുതലായ വിളകളാണ് നശിച്ചത്. പൂവത്തൂർ, ചെല്ലാംകോട്,ചിറക്കാണി,പരിയാരം,പാറയംവിളാകം പ്രദേശങ്ങളിലും പരക്കെ വെള്ളം കയറി. ഇതോടെ, ലക്ഷങ്ങൾ വായ്പയെടുത്ത് വയൽ പുരയിടം പാട്ടത്തിനെടുത്ത കർഷകർ ദുരിതത്തിലായി. പൂവത്തൂർ തോട്ടിലെ മണ്ണ് യഥാസമയം നീക്കം ചെയ്ത് ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കാത്തതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് കർഷകരും നാട്ടുകാരും പരാതിപ്പെടുന്നു.

ഫലമുണ്ടാകാതെ

അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇവിടങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നവരിൽ കൂടുതൽ പേരും സാധാരണക്കാരായ തൊഴിലാളികളാണ്. നഗരസഭയും കൃഷിഭവനും അടിയന്തിരമായി ഇടപെട്ട് അടിക്കടിയുണ്ടാകുന്ന കൃഷി നാശത്തിന് പരിഹാരം കാണണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കൃഷിക്കാർ ആവശ്യപ്പെട്ടു.