swamy

തിരുവനന്തപുരം: ചാക്ക ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തജനങ്ങൾക്ക് എന്നും ശാന്തിയുടെയും സമാധാനത്തിന്റെയും നിറവെളിച്ചമായിരുന്നു ഇന്നലെ സമാധിയായ ഷൺമുഖ സ്വാമി.

ശ്രീ ബാലസുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹീതമായ ചാക്ക ഈയപ്പുര മുടുമ്പിൽ വീട്ടിൽ ശ്രീധരന്റെയും ഗോമതി അമ്മയുടെയും മകനായി 1954 മേയ് 8നാണ് സ്വാമിയുടെ ജനനം. മുരുകഭക്തനായ അമ്മാവൻ തങ്കപ്പസ്വാമിയാണ് ഷൺമുഖൻ എന്ന് നാമകരണം ചെയ്തത്. അമ്മാവന്റെ മുരുകഭക്തിയിൽ ആകൃഷ്ടനായി ബാലൻ ശ്രീ ബാലസുബ്രഹ്മണ്യന്റെ ഭക്തനായി. പിന്നാലെ അദ്ദേഹം അവിടെ ഒരു വലിയ ക്ഷേത്രം പണികഴിപ്പിച്ചു. വർഷങ്ങളായി തൈപ്പൂയ മഹോത്സവവും അഗ്നിക്കാവടിയും അന്നദാനവും നടത്തിവരുന്നു. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് അപൂർവമായിട്ടുള്ള പഞ്ചമുഖ ഹനുമാൻ, നാഗർ പ്രതിഷ്ഠ എന്നിവ ഷണ്മുഖസ്വാമിയുടെ ശ്രമ ഫലമായുള്ളവയാണ്. വർഷം തോറും നടക്കാറുള്ള കാവടി മഹോത്സവത്തിന് വൻജനാവലി ഇവിടെ എത്തി സായൂജ്യം തേടിയിരുന്നു. അദ്ദേഹത്തിന്റെ ദർശനം ഭക്തർക്ക് മനഃശാന്തിയും കാര്യലബ്ധിയും നൽകിയിരുന്നതായി ഭക്തർ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും, പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും നിർദ്ധന വിദ്യാർത്ഥികളെയും സ്വാമി സഹായിച്ചിരുന്നു.