pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം രണ്ടു സർക്കാരുകളിലായി എട്ട് വർഷത്തിനിടെ പിണറായി വിജയൻ വിദേശത്ത് ചെലവഴിച്ചത് 173 ദിവസങ്ങൾ. കൊവിഡ് രൂക്ഷമായിരുന്ന 2020, 2021 വർഷങ്ങളിൽ മാത്രമാണ് വിദേശയാത്ര നടത്താതിരുന്നത്.

കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാറിന്റെ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോട്ടോക്കോൾ വകുപ്പ് നൽകിയ മറപടിയിലാണ് ഇക്കാര്യമുള്ളത്.

2016, 2017, 2018, 2019, 2022, 2023, 2024 വർഷങ്ങളിൽ ആയിരുന്നു പിണറായിയുടെ വിദേശ യാത്ര. 2016ൽ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യയാത്ര യു.എ.ഇയിലേക്ക് ആയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ അന്ന് മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. 2017ൽ അഞ്ച് ദിവസം ബഹ്റിൻ സന്ദർശനത്തിന് പോയി. 2018ൽ മൂന്ന് തവണ അമേരിക്കയും ഒരുതവണ യു.എ.ഇയും സന്ദർശിച്ചു.

2019ൽ നെതർലന്റ്സ്,​ സ്വിറ്റ്സർലാന്റ്,​ഫ്രാൻസ്,​ യു.കെ,​ ജപ്പാൻ,​ ദക്ഷിണകൊറിയ എന്നിവിടങ്ങളാണ് സന്ദർശിച്ചത്. രണ്ട് തവണ യു.എ.ഇയും സന്ദർശിച്ചു.

2022ൽ രണ്ട് തവണ അമേരിക്കയിലെ മയോ ക്ളിനിക്കിൽ ചികിത്സയ്ക്കായി പോയി. രണ്ട് തവണ യു.എ.ഇയിലും പോയി. നോർവെ,​ യു.കെ എന്നിവിടങ്ങളിലും ഇതേ വർഷം സന്ദർശിച്ചു. 2023ൽ അമേരിക്ക,​ ക്യൂബ,​ യു.എ.ഇ എന്നിവിടങ്ങൾ സന്ദർശിച്ചു. ഈ വർഷം ഇന്തോനേഷ്യ,​ സിംഗപ്പൂർ,​യു.എ.ഇ എന്നീ സ്ഥലങ്ങളിലും സന്ദർശനം നടത്തി.