
തിരുവനന്തപുരം: സ്മാർട്ട് മൊബൈൽ ഫോണിലെ ഫേസ് ആപ്പിലൂടെ റേഷൻ മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് ആലോചിക്കുന്നു. ഐറിസ് സ്കാനറിലൂടെയുള്ള മസ്റ്ററിംഗിന് നടക്കാത്തതിനെ തുടർന്നാണ് പുതിയ പദ്ധതി പരിഗണിക്കുന്നത്. ഇതിനായി കേന്ദ്രത്തിന്റെ അനുവാദം തേടും. ഇക്കാര്യത്തിൽ ഇന്നത്തെ ഉന്നതതല യോഗം അന്തിമ തീരുമാനമെടുക്കും.
ഇ-പോസ് യന്ത്രത്തിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് പൂർത്തിയാക്കണമെങ്കിൽ കൃഷ്ണമണി സ്കാൻ ചെയ്യണം. ചെലവും കൂടുതലായതിനാൽ അതിനുള്ള ഐറിസ് സ്‌കാനർ റേഷൻ കടകളിൽ സർക്കാർ ഒരുക്കിയിട്ടില്ല. കിടപ്പുരോഗികളിളുടെ മസ്റ്ററിംഗും പൂർത്തിയാക്കണം. രണ്ടിനുമുള്ള പോംവഴിയായിട്ടാണ് ഫേസ് ആപ്പ് ആലോചിക്കുന്നത്.
കേന്ദ്ര സർക്കാർ അംഗീകരിച്ച ഫേസ്ആപ്പ് മസ്റ്ററിംഗിനായി ചില സംസ്ഥാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിലവിൽ നവംബർ അഞ്ചിനു മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കണം. സംസ്ഥാനത്ത് 84 ശതമാനം മസ്റ്ററിംഗ് പൂർത്തിയായി. 6 ലക്ഷത്തോളം പേരുടേതാണ് ഇനി ശേഷിക്കുന്നത്.
ഐറിസ് സ്കാനറിന് 6000 രൂപ
കിടപ്പുരോഗികൾ, ഇ-പോസ് യന്ത്രത്തിൽ വിരലടയാളം പതിയാത്തവർ, 10 വയസിൽ താഴെയുള്ളവർ എന്നിവരുടെ മസ്റ്ററിംഗിനായിരുന്നു ഐറിസ് സ്‌കാനർ
വിരലടയാളം പതിയാതിരുന്നപ്പോൾ ഐറിസ് സ്‌കാനർ അനുവദിക്കണമെന്ന് റേഷൻകടക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല.
കുറഞ്ഞത് 6000 രൂപയുടെ സ്‌കാനർ വാങ്ങാൻ സാമ്പത്തികപ്രയാസം കാരണം മിക്ക റേഷൻ വ്യാപാരികൾക്കും കഴിയില്ല.
2 മാസത്തെ വേതനം കുടിശികയായതിനു പുറമേ ഓണക്കാല ഉത്സവബത്തയായ 1000 രൂപ നൽകാത്തതിലും വ്യാപാരികൾക്കു പ്രതിഷേധമുണ്ട്.