
തിരുവനന്തപുരം: ഓരോ വിഷയത്തിനും വിജയിക്കാൻ മിനിമം മാർക്ക് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ആദ്യ സ്കൂൾ വാർഷികപരീക്ഷ ഈ വർഷം എട്ടാംക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന വർഷം എട്ട്, ഒമ്പത് ക്ലാസുകളിലും 2026-27 അദ്ധ്യയനവർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും മിനിമം മാർക്ക് രീതി നടപ്പാക്കും. മിനിമം മാർക്ക് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിൽ ഉയർന്ന പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പൊതുപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനായി മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്. മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് പരിഹാരബോധനവും പരീക്ഷയും നടത്തും. മിനിമംമാർക്ക് കർശനമാക്കുന്നതോടെ പഠനം ഊർജിതമാക്കാൻ വിദ്യാർത്ഥികളും കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രമിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
രണ്ടാം പാദവാർഷിക പരീക്ഷ
ഡിസംബർ ഒമ്പത് മുതൽ
തിരുവനന്തപുരം: സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ ഒമ്പത് മുതൽ 19 വരെ നടത്താൻ മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപ് അദ്ധ്യാപക സംഘടനകളുടെ യോഗവും വിദ്യാഭ്യാസ കോൺക്ലേവും സംഘടിപ്പിക്കും. ആസൂത്രണബോർഡും എസ്.സി.ഇ.ആർ.ടിയും ചേർന്ന് സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. കുട്ടികളുടെ സ്ഥാനക്കയറ്റവും ഉദ്യോഗസ്ഥതല പരിശോധനയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇതിന്റെ പരിധിയിൽ വരുമെന്നും മന്ത്രി അറിയിച്ചു
തിരുവനന്തപുരത്ത് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ നവംബർ 12ന് നടക്കും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ ടൈംടേബിളുകൾക്കും യോഗം അംഗീകാരം നൽകി.
കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ പറയാത്ത വ്യക്തികൾ സ്കൂളുകളിൽ ക്ലാസ്തല പരിശോധനയ്ക്കെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ധ്യാപക സംഘടനകൾ അറിയിച്ചു.