പൂവാർ: നിയന്ത്രണം വിട്ട ലോറി ഇടിച്ച് പൂവാറിൽ ഏഴ് വാഹനങ്ങൾ തകർന്നു. 6 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ പൂവാർ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം. അമിത ഭാരംകയറ്റി കാഞ്ഞിരംകുളത്ത് നിന്ന് പൂവാറിലേക്കെത്തിയ ചരക്ക് ലോറിയാണ് നിയന്ത്രണം തെറ്റി മറ്റു വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയത്. നിയന്ത്രണം തെറ്റിയ ചരക്കുലോറി ആദ്യം റോഡിന്റെ വശത്ത് സാധനങ്ങൾ ഇറക്കിക്കൊണ്ടിരുന്ന ടംബോ വാനിലിടിച്ച് എതിർദിശയിലേക്ക് നീങ്ങിയതാണ് കൂടുതൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമായത്. ഇതിനിടെ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറ്റൊരു ലോറിയിലേക്ക് ഇടിച്ചുകയറി. തുടർന്ന് രണ്ട് ഇരുചക്ര വാഹനങ്ങളും വശത്ത് നിറുത്തിയിരുന്ന മറ്റൊരു വാഹനവും കൂട്ടിയിടിച്ചു. ഇതിലൊരു ഇരുചക്രവാഹനവും യാത്രക്കാരനും സമീപത്തെ ഇലക്ട്രിക് പോസ്റ്റിനും കാറിനുമിടയിൽ കുരുങ്ങി. പൂവാർ ഫയർഫോഴ്സെത്തിയാണ് ബൈക്ക് യാത്രികനെ രക്ഷിച്ചത്. രണ്ട് ലോറികൾ ഒരു ടെംബോ വാൻ, മൂന്ന് ബൈക്കുകൾ, ഒരു കാർ എന്നിവയാണ് തകർന്നത്. കാറിൽ യാത്രചെയ്ത 4 പേർക്കും ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത 2 പേർക്കും പരിക്കേറ്റു.ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പൂവാർ പൊലീസ് സ്‌റ്റേഷന് മുന്നിലായി സംഭവം നടന്നിട്ടും പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് ശേഖരിച്ചില്ലെന്ന ആക്ഷേപമുണ്ട്.
ഫോട്ടോ: പൂവാറിൽ നിയന്ത്രണം തെറ്റിയ ചരക്ക് ലോറി ഇടിച്ച് തകർന്ന കാർ