
തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ചോദിച്ചെത്തുമ്പോൾ ബാങ്ക് അധികൃതർ വിരട്ടുന്നതായി നിക്ഷേപകരുടെ പരാതി. ബാങ്ക് പ്രതിസന്ധിയിലായതിനെ തുടർന്നാണ് നിക്ഷേപകർ കൂട്ടത്തോടെ കേസുമായി പൊലീസിനെ സമീപിച്ചത്.തുടർന്ന് ബാങ്കിലെത്തുന്ന ലോൺ അടവിനനുസരിച്ച് നിക്ഷേപകർക്ക് കുറേശ്ശെയായി പണം കൊടുക്കാമെന്ന് ബാങ്ക് അധികൃതർ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് പലരും ചെല്ലുന്നത്. എന്നാൽ കേസ് കൊടുത്തവർ പണത്തിന് വരേണ്ടെന്നും കേസ് തീർന്നിട്ട് പണം വങ്ങിയാൽ മതിയെന്നുമുള്ള ധിക്കാരപരമായ മറുപടിയാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നിക്ഷേപകർ പറയുന്നു. ജോയിന്റ് രജിസ്ട്രാരെ നിക്ഷേപ കൂട്ടായ്മ ഭാരവാഹികൾ നേരിട്ട് കണ്ട് ഈ വിവരം ബോദ്ധ്യപ്പെടുത്തുകയും ബാങ്ക് അധികൃതരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മാസം 11വരെ ആർക്കും ഒരു രൂപ പോലും കൊടുക്കില്ലെന്നും ആരും ബാങ്കിലേക്ക് വരേണ്ട എന്നുമാണ് ബാങ്കുകാരുടെ തിട്ടൂരമത്രെ. ബാങ്ക് ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം എടുക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്നും പറഞ്ഞു കേൾക്കുന്നു. ഇതിനെതിരെ ജോ.രജിസ്ട്രാർക്ക് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും പരാതി നൽകി.