
കൗമാര കായിക താരങ്ങളുടെ പങ്കാളിത്തത്താൽ ഏഷ്യയിലെ ഏറ്റവും വലിയ കായിക കൂട്ടായ്മയാണ് ഇത്തവണത്തെ കേരള സ്‌കൂൾ കായികമേള. സംസ്ഥാന രൂപീകരണം മുതൽ ആരംഭിച്ച മേളയുടെ ഈ വർഷത്തെ പതിപ്പ് ഒളിമ്പിക്‌സ് മാതൃകയിലാണ് സംഘടിപ്പിക്കുന്നത്. ഓരോ വർഷവും സംസ്ഥാനത്തൊട്ടാകെ അഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായികമേളയുടെ ഭാഗമാകുന്നുണ്ട്. 2016 മുതൽ കായികമേള, 'കായികോത്സവം" എന്ന പേരിലേക്കു മാറി. ഇത്തവണ മുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ഒളിമ്പിക്‌സ് മാതൃകയിൽ ഒരു ജില്ല കേന്ദ്രീകരിച്ച് 'കേരള സ്‌കൂൾ കായികമേള" എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണ് തീരുമാനം.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഒളിമ്പിക്‌സ് മാതൃകയിൽ വളരെ സമഗ്രവും വിശാലവുമായ രീതിയിൽ കായികമേള സംഘടിപ്പിക്കുന്നത്. അണ്ടർ 14, 17, 19 എന്നീ കാറ്റഗറികളിലായി 41 കായിക ഇനങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കും. അത്‌ലറ്റിക്‌സ് മത്സരം നടക്കുന്ന എറണാകുളം മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ ദേശീയ നിലവാരമുള്ള 17 വേദികളിലാണ് വിവിധ മത്സരങ്ങൾ അരങ്ങേറുന്നത്. ചരിത്രത്തിലാദ്യമായി, സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക മത്സരമായ ഇൻക്ലൂസീവ് സ്‌പോർട്‌സും മേളയുടെ ഭാഗമായുണ്ട്. ഭിന്നശേഷിക്കുട്ടികൾ ഉൾപ്പെടെ കാൽക്ഷത്തോളം കൗമാര കായിക താരങ്ങളാണ് നാളെ മുതൽ 11 വരെ നീളുന്ന പോരാട്ടത്തിൽ അണിനിരക്കുന്നത്.
'തക്കുടു" ഉൾപ്പെടെ
പുതുമകൾ പലത്!
ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള രാജ്യന്തര കായിക മത്സരങ്ങളിൽ മേളപ്പെരുമയുടെ പ്രതീകമായി ഭാഗ്യചിഹ്നം അവതരിപ്പിക്കാറുണ്ട്. ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന പ്രഥമ കേരള സ്‌കൂൾ കായികമേളുടെ ഭാഗ്യചിഹ്നം തക്കുടു എന്ന അണ്ണാറക്കണ്ണനാണ്. സ്കൂൾ ഒളിമ്പിക്സിൽ ചാമ്പ്യനാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് സ്വർണ്ണക്കപ്പ് ഇത്തവണ മുതൽ കായികമേളയിലും നൽകിത്തുടങ്ങും. ഒളിമ്പിക്‌സിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനു സമാനമായ നിലയിലുള്ള സ്ഥിരം ലോഗോ, ഭാഗ്യചിഹ്നം, പ്രൊമോ വീഡിയോ, ബ്രാൻഡ് അംബാസിഡർ, ഗുഡ്‌വിൽ അംബാസഡർ തുടങ്ങിയവയും കായികമേളയുടെ പ്രത്യേകതയാണ്.
പ്രധാന ഉദ്ഘാടന വേദി മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ്. പകൽ സമയത്തെ അധികഠിനമായ ചൂടുകാരണം മത്സരങ്ങൾ രാവിലെയും രാത്രിയുമായാണ് സംഘടിപ്പിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ഇതിഹാസതാരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷാണ് ബ്രാൻഡ് അംബാസിഡർ. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഗൾഫ് രാജ്യങ്ങളിൽ കേരള സിലബസ് പഠിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും മേളയുടെ ഭാഗമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്‌സിന്റെയും അനന്ത സാദ്ധ്യതകൾ കൂടി മത്സരവിധി നിർണയത്തിനും മത്സരഫലങ്ങളുടെ കൃത്യതയ്ക്കുമായി ഇത്തവണ ഉറപ്പാക്കുന്നുണ്ട്.
കിരീടം ചൂടാം,
ശരിക്കും!
ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളെ ഒലിവ് ഇലകൊണ്ടു നിർമ്മിച്ച കിരീടമണിയിക്കുന്ന പാരമ്പര്യം ഗ്രീസിലെ ഒളിമ്പ്യയിൽ ബി.സി 776-ൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിലാണ് ആരംഭിച്ചത്. ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ കായികമേളയിൽ വിജയികളാകുന്ന താരങ്ങൾക്ക് വിക്ടറി സെറിമണി സമയത്തും കിരീടധാരണം നടത്തും. കണ്ണൂർ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ വർക്ക് എഡ്യുക്കേഷൻ പ്രൊഡക്ഷൻ യൂണിറ്റ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് കിരീടത്തിന്റെ മാതൃക രൂപകൽപ്പന ചെയ്തത്. ഒന്നാം സ്ഥാനക്കാർക്ക് മെറൂൺ കിരീടവും രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം നീല, ഓറഞ്ച് കിരീടവുമാണ് നൽകുന്നത്. 5700 കിരീടങ്ങളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
ഇത്തവണ സ്‌കൂൾ കായികമേളയുടെ ഭാഗമായി ഇൻക്ലുസീവ് സ്‌പോർട്സും ഉൾപ്പെടുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് അവരുടെ പരിമിതിയുടെ തലത്തിൽ നിന്ന് കായികമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നുണ്ട്. സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികളും പൊതുവിഭാഗം കുട്ടികളും ഒരുമിച്ച് പങ്കെടുക്കുന്ന കായിക വിനോദ പ്രവർത്തനമായി ഇൻക്ലുസീവ് സ്‌പോർട്സ് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായി ഈ വർഷം മുതൽ ഉൾപ്പെടുത്തുന്നു. സവിശേഷ പരിഗണന ആവശ്യമുള്ള 22 വിഭാഗങ്ങളിലെ കുട്ടികൾക്കും പങ്കെടുക്കുക്കാൻ കഴിയുന്ന നിലയിൽ അത്‌ലറ്റിക്‌സ് ഉൾപ്പെടെ 15 പ്രധാന കായികമത്സര ഇനങ്ങളും വിവിധ മൈനർ ഗെയിമുകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇൻക്ലൂസീവ് സ്‌പോർട്സ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്.
ഇന്ത്യയിൽ ആദ്യമായി കേരളമാണ് സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികൾക്കുവേണ്ടി പ്രത്യേക മാന്വൽ തയ്യാറാക്കി നടപ്പിലാക്കിയിരിക്കുന്നത്. സ്‌കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇൻക്ലുസീവ് സ്‌പോർട്സിൽ 14 ജില്ലകളുടെ പ്രതിനിധികളായി 1700-ഓളം കായികതാരങ്ങൾ പങ്കെടുക്കും. സവിശേഷ പരിമിതരായ കുട്ടികൾക്ക് മത്സരശേഷം കൊച്ചിയുടെ നഗരക്കാഴ്ചകൾ കാണാനും അനുഭവിച്ചറിയാനുമുള്ള അവസരം കൂടി സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇൻക്ലുസീവ് സ്‌പോർട്‌സിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക മെമന്റോകളും വിതരണം ചെയ്യും.
ആഘോഷ
രാവുകൾ
സ്‌കൂൾ കായികമേളയുടെ ഭാഗമായി എറണാകുളത്തെത്തുന്നവർക്കും പൊതുജനങ്ങൾക്കുമായി കൊച്ചി കാർണിവലിന്റെ പുനരാവിഷ്‌കാരം ഉൾപ്പെടെയുള്ള വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. സമാപന സമ്മേളനത്തിൽ 2000 വനിതകളെ അണിനിരത്തിലുള്ള മെഗാ തിരുവാതിരയും നടക്കും. 12 പ്രധാന കേന്ദ്രങ്ങളിലാണ് താരങ്ങൾക്കുള്ള ഭക്ഷണം വിളമ്പുന്നത്. ഓരോ കേന്ദ്രത്തിനും കൊച്ചിയുടെ തനതായ രീതിയിലുള്ള പേരുകളും നൽകിയിട്ടുണ്ട്. ഭാഗ്യചിഹ്നമായ തക്കുടുവിനെ എറണാകുളം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ജനപങ്കാളിത്തത്തോടെ പരിചയപ്പെടുത്തുന്ന പരിപാടിയിലൂടെ കായികമേളയുടെ പ്രചാരണവും വളരെ വിപുലമാക്കുന്നുണ്ട്.
എല്ലാ മത്സര വേദികളിലും വണ്ടിയേഴ്‌സിനെയും കായികതാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ലഹരിക്കെതിരായ പ്രതിജ്ഞ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട 52 വിദ്യാലയങ്ങളിലാണ് കുട്ടികൾക്ക് ആവശ്യമായ താമസസൗകര്യം ക്രമീകരിച്ചിട്ടുള്ളത്. താമസസ്ഥലം, മത്സരവേദി, ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ ലോഫ്ളോർ ബസുകളും ഉറപ്പാക്കിയിട്ടുണ്ട്.
(ലേഖകൻ എസ്.സി.ഇ.ആർ.ടി കേരളയിൽ റിസർച്ച് ഓഫീസറാണ്. ഫോൺ 98460 24102)