
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ജാതി- മത ഘടകങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അവ സൃഷ്ടിക്കുന്ന വിവാദങ്ങളും ചെറുതല്ല. അതിന് പ്രധാന കാരണം ഇന്ത്യൻ ജനതയുടെ സ്വത്വബോധത്തിന്റെ പ്രധാന ഘടകങ്ങളാണ് ഇവയെല്ലാം എന്നതാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ നിരവധി പാർട്ടികൾ നമ്മുടെ രാജ്യത്തുണ്ട്. ഇത്തരം ഘടകങ്ങൾ അമേരിക്കൻ തിരഞ്ഞെടുപ്പിൽ പ്രസക്തമാണോ, അവ ആസന്നമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്നൊക്കെ പരിശോധിക്കാം.
അമേരിക്കയിൽ ജാതിയുണ്ടോ എന്ന ചോദ്യം വിചിത്രമായി തോന്നിയേക്കാം. മതബോധത്തിലും ദേശീയതയിലും വിവിധങ്ങളായ വംശീയതകളിലും അടിസ്ഥാനമാക്കിയിട്ടുള്ള സ്വത്വബോധം അമേരിക്കയിൽ ശക്തമാണ്. ലോകത്ത് ഏറ്റവുമധികം കുടിയേറ്റക്കാരുള്ള രാജ്യമാണ് അമേരിക്ക. അമേരിക്കൻ ജനതയുടെ 14.4 ശതമാനം വരും കുടിയേറ്റക്കാരുടെ സംഖ്യ. ഇവരെല്ലാം വിവിധ വംശീയതയിലും ദേശീയതയിലും പെടുന്നവരാണ്.
വംശീയതകളുടെ
സമ്മേളനം
യൂറോപ്പിൽ നിന്ന് കുടിയേറിയ വെള്ളക്കാരാണ് അമേരിക്കൻ ജനസംഖ്യയിൽ ഏകദേശം 61 ശതമാനം. കറുത്ത വർഗക്കാർ 12 ശതമാനം, വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹിസ്‌പാനിക്കുകൾ എന്നറിയപ്പെടുന്നവർ 10 ശതമാനം, ഏഷ്യൻ അമേരിക്കൻ വംശജർ ആറു ശതമാനം, യഥാർത്ഥ അമേരിക്കക്കാർ എന്നു പറയാവുന്ന റെഡ് ഇന്ത്യൻ വിഭാഗം ഒരു ശതമാനം, മറ്റുള്ളവർ ഏകദേശം 10 ശതമാനം. ഇതിന്റെ ആകെത്തുകയാണ് അമേരിക്കൻ ജനത.
ഇവർക്കെല്ലാം ഇവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമുണ്ട്. അമേരിക്കൻ ജനസംഖ്യയുടെ 1.5 ശതമാനം വരുന്ന ഇന്ത്യൻ അമേരിക്കൻസിന് അവരുടേതായ സ്വത്വബോധമുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിൽ ഇന്ത്യക്കാർ വസിക്കുന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചിരുന്നു. മലയാളി ഇന്ത്യക്കാർ അമേരിക്കയിൽ ഓണം ആഘോഷിക്കുന്ന വാർത്തകൾ നമുക്ക് പരിചിതമാണ്. ഈ തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഏറ്റവും പ്രസക്തമാണ് ഇവരുടെ രാഷ്ട്രീയം. ഈ വിഭാഗങ്ങളെല്ലാം അവരുടെ സ്വത്വബോധത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത രീതിയിലാണ് വോട്ടുചെയ്യുന്നത്. ഇവരുടെ പിന്തുണ ഉറപ്പാക്കുവാൻ പ്രധാന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും നന്നായി പരിശ്രമിക്കും. തിരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെടുന്ന പല വിഷയങ്ങളും ഇവരുടെ വംശീയതയിലും ദേശീയതയിലും അധിഷ്ഠിതമാണ്.
'മേക്ക് അമേരിക്ക
വൈറ്റ് എഗെയ്‌ൻ!"
റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന്റെ പ്രചാരണം പ്രധാനമായും വെള്ളക്കാരായ അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ്. 'MAGA" അഥവാ 'Make America Great Again" എന്ന പ്രചാരണം യഥാർത്ഥത്തിൽ 'Make America White Again" എന്നാണ് വായിക്കേണ്ടത്. ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായ 'കുടിയേറ്റം" വെള്ളക്കാരുടെ പിന്തുണ ലക്ഷ്യമിട്ടാണ് നടത്തുന്നത്. വെള്ളക്കാരിൽ ഭൂരിപക്ഷം ട്രംപിനെ പിന്തുണയ്ക്കുന്നവരാണ്. അതിൽത്തന്നെ, വെള്ളക്കാരായ വിവിധ ക്രിസ്തീയ വിഭാഗങ്ങളാണ് റിപ്പബ്ളിക്കൻ പാർട്ടിയുടെ വോട്ടർമാരിൽ ഏറെയും.
അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും പ്രബല ജനവിഭാഗമാണ് ആഫ്രിക്കൻ അമേരിക്കൻസ് എന്നു വിളിക്കപ്പെടുന്ന കറുത്ത വർഗക്കാർ. ഇവരിൽ ഏറെയും (90 %) ചരിത്രപരമായി ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ്. ഇക്കൂട്ടരിൽ ട്രംപിന് പിന്തുണയേറുന്നതായി പഠനങ്ങൾ കാണിക്കുന്നു. പഴയകാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ട്രംപിന് ഇവരുടെ 20 ശതമാനം വരെ വോട്ട് കിട്ടാമെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹിസ്‌പാനിക്കുകൾ ചരിത്രപരമായി 60 ശതമാനത്തിലേറെ ഡെമോക്രാറ്റിനെ പിന്തുണയ്ക്കുന്നവരാണ്. ഇത്തവണ ഇവർക്കിടയിൽ ട്രംപ് നേരിയ നേട്ടമുണ്ടാക്കുന്നതായി കാണാം.
അറുപത് ശതമാനം ഏഷ്യൻ അമേരിക്കൻസും സാധാരണഗതിയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അനുയായികളാണ്. ഇന്ത്യക്കാരായിട്ടുള്ള അമേരിക്കക്കാരും പരമ്പരാഗതമായി ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളാണ്. ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേ പ്രകാരം പത്തിൽ ആറ് ഇന്ത്യൻ അമേരിക്കൻ വോട്ടർമാരും കമല ഹാരിസിന് വോട്ടുചെയ്യാനാണ് സാദ്ധ്യത. കമല ഹാരിസ് ഇന്ത്യൻ വംശജയായത് കുറെ ഇന്ത്യക്കാരുടെ വോട്ടിംഗിനെ സ്വാധീനിക്കുവാൻ സാദ്ധ്യതയുണ്ട്. നേറ്റീവ് അമേരിക്കൻസ് ഡെമോക്രാറ്റിക് പാർട്ടിക്കാണ് സാധാരണ വോട്ടുചെയ്യാറുള്ളത്.
സ്വാധീനങ്ങൾ
ഇങ്ങനെ
എന്താണ് ഈ വിഭാഗങ്ങൾ ഇപ്രകാരം വോട്ടുചെയ്യുവാനും രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കുവാനുമുള്ള കാരണമെന്ന് അറിയേണ്ടതുണ്ട്. റിപ്പബ്ളിക്കൻ പാർട്ടി ഒരു യാഥാസ്ഥിതിക കക്ഷിയാണ്. അതുകൊണ്ടാണ് വെള്ളക്കാരായ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ അവർക്ക് പിന്തുണയുള്ളത്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ലിബറൽ ആശയങ്ങളാണ്, വിദേശങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവർക്ക് അവരുടെ സ്വത്വബോധത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും അവകാശവും കൂടുതലായി നൽകുന്നത്. അതുകൊണ്ട് ഇവർ പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇരുപാർട്ടികളും എല്ലാ വിഭാഗങ്ങളെയും സ്വാധീനിക്കുവാൻ ശ്രമിക്കും. ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ വിവിധ ദേശീയ - വംശീയ വിഭാഗങ്ങൾ വളരെ ശക്തമാണ്. ഇക്കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ നടന്ന ട്രംപ് റാലിയിൽ കൊമേഡിയൻ ഹിൻകിഫ, പ്യൂർട്ടോ റികോയെക്കുറിച്ച് നടത്തിയ ' മാലിന്യ" പരാമർശം, ഹിസ്പാനിക് വോട്ടർമാരെ ട്രംപിന് എതിരാക്കുമെന്ന് ഭയപ്പെടുന്നു. അതായത്, അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഭാഗമാണ് അറിഞ്ഞും അറിയാതെയും വംശീയ പരാമർശങ്ങൾ. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വംശീയ അധിക്ഷേപങ്ങൾകൊണ്ട് നിറഞ്ഞവയാണ്. ഇത് അറിയാതെ സംഭവിക്കുന്നതല്ല. മറിച്ച് വെള്ളക്കാരായ വോട്ടർമാരെ സ്വാധീനിക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ്! ചുരുക്കത്തിൽ വംശീയ മതബോധം അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ഘടകമാണ്. അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരായിരിക്കുമെന്ന കാര്യത്തിൽ ഇവർക്ക് നിർണായക സ്വാധീനം ഉണ്ടുതാനും.
നിർണായകം ഇലക്ടറൽ
കോളേജ് വോട്ട്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഇലക്ടറൽ കോളേജ് വോട്ടിന് വളരെ പ്രത്യേകതയുണ്ട്. ഇലക്ടറൽ കോളേജിൽ കൂടുതൽ വോട്ട് കിട്ടുന്നയാളാണ് അമേരിക്കയിൽ പ്രസിഡന്റാവുക. അതായത്, കൂടുതൽ ജനകീയ വോട്ട് കിട്ടുന്ന സ്ഥാനാർത്ഥി പ്രസിഡന്റ് ആകണമെന്നില്ല. 2016-ലെ തിരഞ്ഞെടുപ്പിൽ ഹിലാരി ക്ളിന്റന് ട്രംപിനെക്കാൾ 20 ലക്ഷത്തിൽ അധികം വോട്ട് ലഭിച്ചിരുന്നു. എന്നാൽ, ഇലക്ടറൽ കോളേജ് വോട്ട് കുറഞ്ഞതിനാൽ വിജയിച്ചില്ല!
അമേരിക്കയിലെ ഓരോ സ്റ്റേറ്റും വോട്ടു ചെയ്യുന്നത് ഇലക്ടറൽ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കാനാണ്. ഇവരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തും ഭൂരിപക്ഷം വോട്ട് കിട്ടുന്നവർക്ക് ആ സംസ്ഥാനത്തെ എല്ലാ ഇലക്ടറൽ കോളേജ് അംഗങ്ങളെയും ലഭിക്കും. ഇലക്ടറൽ കോളേജ് അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. ഏറ്റവും ഇ.സി അംഗങ്ങൾ ഉള്ള സംസ്ഥാനങ്ങൾ കാലിഫോർണിയ (54), ടെക്സസ് (40). ഫ്ളോറിഡ (30) എന്നിവയാണ്. ചില സംസ്ഥാനങ്ങളിൽ മൂന്ന് അംഗങ്ങൾ മാത്രമാണ് ഉള്ളത്. ആകെ 538 അംഗങ്ങളാണ് ഇലക്ടറൽ കോളേജിൽ. ഇതിൽ 270 കിട്ടുന്ന ആൾ പ്രസിഡന്റാകും. ഇലക്ടറൽ കോളേജ് ഫലം ടൈ ആയാൽ ജനപ്രതിനിധി സഭയാണ് തിരഞ്ഞെടുക്കുക. നവംബർ അഞ്ചിനു നടക്കുന്ന തിരഞ്ഞെടുപ്പിനു ശേഷം പുതിയ പ്രസിഡന്റ് അധികാരമേൽക്കുക 2025 ജനുവരി 20 നാണ്.
(UGC-MMTTC ഡയറക്ടറും കേരള സർവകലാശാലാ ക്യാമ്പസ് ഡയറക്ടറും പൊളിറ്റിക്സ് പ്രൊഫസറുമാണ് ലേഖകൻ)