വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ മേഖലയിൽ മോഷണം പതിവാകുന്നു. അടുത്തടുത്ത ദിവസങ്ങളിൽ രണ്ടിടങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആനപ്പാറ ഷാഹുൽ ഹമീദിന്റെ കടയിൽക്കയറി ആയിരക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷടിച്ചു. സി.സി.ടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം സഹിതം പൊലീസിൽ നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. തൊട്ടടുത്ത ദിവസം ആനപ്പാറ സുമീഷിന്റെ വീടിന്റെ സിറ്റ്‌ഔട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലും മോഷണം പോയി. മോഷ്ടാക്കളെ പിടികൂടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിതുര പൊലീസ് പറയുന്നത്.
വീണ്ടും മോഷ്ടാക്കൾ കളത്തിലിറങ്ങുന്നു
ആനപ്പാറ പ്രദേശത്ത് ഒരിടവേളക്കുശേഷം വീണ്ടും മോഷ്ടാക്കൾ കളത്തിലിറങ്ങിയിരിക്കുകയാണ്. നേരത്തെ അനവധി വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിച്ചിരുന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പണവും കവർന്നു. കൂടാതെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരവും മുറിച്ചുകടത്തി. കാർഷികവിളകളും റബർഷീറ്റും മറ്റും മോഷണം പോയിട്ടുണ്ട്. അന്ന് പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം നടത്തിയതിനെ തുടർന്ന് മോഷ്ടാക്കൾ കളം വിടുകയായിരുന്നു.
പട്രോളിംഗ് ശക്തിപ്പെടുത്തണം
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനും വിനോദസഞ്ചാരികളുടെ ഇടത്താവളവും കൂടിയാണ് ആനപ്പാറ. മോഷണം പതിവായതോടെ ജനം ഭീതിയിലാണ്. പൊലീസ് മേഖലയിൽ പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.