
പാലോട്: പനവൂർ പഞ്ചായത്തിലെ പേരയം-ആർ.എസ്.പുരം-ചെല്ലഞ്ചി റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായ നിലയിലായിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ. ടാർ ചെയ്തിട്ട് അധികകാലം ആയിട്ടില്ലെങ്കിലും റോഡ് പൊട്ടിപൊളിഞ്ഞ് നാമാവശേഷമായ നിലയിലാണ്. പേരയത്തു നിന്നും ചെല്ലഞ്ചിയിലേക്കും ആനകുളത്തേക്കും പോകാനുള്ള എളുപ്പവഴിയാണിത്.
അമിതഭാരം കയറ്റിവന്ന തടി ലോറികളാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്. സർക്കാരിന്റെ വിവിധ കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ചതും ഓടകളില്ലാത്തതുമാണ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. നന്ദിയോട്,പനവൂർ,കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുർഗതി.