
പള്ളിക്കൽ: മടവൂർ പഞ്ചായത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പലതും അനാഥമായിക്കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരു ഡസനിലേറെ കാത്തിരിപ്പു കേന്ദ്രങ്ങളുള്ള ഗ്രാമത്തിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് യാത്രക്കാർക്ക് കയറിനിൽക്കാൻ പാകത്തിനുള്ളത്. വിദ്യാർത്ഥികളും സ്ത്രീകളും വയോജനങ്ങളുമാണ് പ്രധാനമായും ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ ഉപയോഗയോഗ്യമായ കേന്ദ്രങ്ങളിലെ തറയും ഇരിപ്പിടങ്ങളും വൃത്തിയില്ലാത്ത അവസ്ഥയിലാണെന്ന പരാതിയുമുയരുന്നുണ്ട്. രാഷ്ട്രീയ സംഘടനകളും പഞ്ചായത്തും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ചവയാണ് അധികവും. പണിപൂർത്തീകരിച്ചുള്ള രണ്ട് വർഷക്കാലവും കാത്തിരിപ്പു കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികൾ കരാറുകാർ തന്നെ ചെയ്ത് നൽകാറുണ്ട്. എന്നാൽ അറ്റകുറ്റപ്പണികൾക്ക് ശേഷം അധികൃതരാരും തിരിഞ്ഞു നോക്കാത്തതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് പൊതുപ്രവർത്തകർ ആരോപിച്ചു. ഉപയോഗയോഗ്യമായ കാത്തിരിപ്പുകേന്ദ്രങ്ങളുടെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളക്കെട്ടും ചെളിയും
കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതെയും ചുറ്റും കാടുപിടിച്ചും ചെളിമൂടിയുമെല്ലാമാണ് ഓരോ കേന്ദ്രങ്ങളും നാശത്തിന്റെ വക്കിലാവുന്നതെന്ന് യാത്രക്കാർ പറയുന്നു. മടവൂരിലെ പ്രധാനകവലയിൽ 300 മീറ്റർ ദൂരത്തിനുള്ളിൽ പത്ത് കൊല്ലത്തിനപ്പുറം പഴക്കമുള്ളതും അടുത്തകാലത്ത് സ്ഥാപിച്ചതുമായ നാല് കാത്തിരിപ്പു കേന്ദ്രങ്ങളാണുള്ളത്. ഇതിൽ ഒരെണ്ണമൊഴികെ മറ്റുള്ളവ നശിച്ചു. വെള്ളക്കെട്ടും ചെളിയുമായതിനാൽ കാൽനടയാത്രക്കാർക്ക് പോലും മഴയത്ത് ഒന്നുകയറി നിൽക്കാൻകൂടി കഴിയില്ല.