വിതുര: വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലകളിലാണ് കാട്ടുമൃഗശല്യം രൂക്ഷമാകുന്നത്. കാട്ടാനയും കാട്ടുപോത്തും കരടിയും പന്നിയും പതിവായി നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തിവിഹരിച്ചിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
കാട്ടുമൃഗങ്ങൾ പകൽസമയത്തും നാട്ടിലിറങ്ങുന്ന സ്ഥിതിയാണ്. മാത്രമല്ല വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ ചില മേഖലകളിൽ പന്നിയും കാട്ടുപോത്തും തമ്പടിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളാണ് കാട്ടുമൃഗങ്ങൾ കൈയടക്കിയിരിക്കുന്നത്.
ടാപ്പിംഗിന് എത്തിയ തൊഴിലാളികളെ കാട്ടുപോത്തുകൾ ആക്രമിച്ച സംഭവവുമുണ്ട്. മാത്രമല്ല വന്യമൃഗശല്യം മൂലം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവുമുണ്ടായി. കാട്ടുമൃഗശല്യത്തിന് തടയിടുന്നതിനായി ആനക്കിടങ്ങും സോളാർപാനലും സ്ഥാപിക്കുമെന്ന വാഗ്ദാനം മിക്കമേഖലകളിലും യാഥാർത്ഥ്യമായിട്ടില്ല.
ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം ഇന്ന്
വിതുര പഞ്ചായത്തിലെ കളിയിക്കൽ മേഖലയിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കളിയിക്കൽ പുനർജനി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് വിതുര ഫോറസ്റ്റ്സ്റ്റേഷൻ പടിക്കൽ ധർണനടത്തും. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്, പഞ്ചായത്തംഗങ്ങളായ മേമലവിജയൻ, നീതുരാജീവ്, വി.എസ്.ബാബുരാജ്, ഷാജിദാഅർഷാദ്,ലൗലി,പേപ്പാറ ലതാകുമാരി,സന്ധ്യ,മാൻകുന്നിൽപ്രകാശ്,തങ്കമണി,ആനപ്പാറവിഷ്ണു, കല്ലാർസുനിത,ചെറ്റച്ചൽ സുരേന്ദ്രൻനായർ,മരുതാമല ഗിരീഷ് കുമാർ, ബോണക്കാട് വത്സല, രവികുമാർ,ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,കളിയിക്കൽപുനർജനി റസിഡൻസ് പ്രസിഡന്റ് ബി.ജയൻ, സെക്രട്ടറി എസ്.പ്രഭുകുമാരൻനായർ എന്നിവർ പങ്കെടുക്കും.