
നെയ്യാറ്റിൻകര: പെരിങ്കടവിള ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്നു കിടക്കുന്നു. രണ്ടുമാസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ പഞ്ചായത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടാണ്. ജലജീവൻ പദ്ധതിക്കായെടുത്ത കുഴികളിൽ വാഹനങ്ങൾ പുതയുന്നത് സ്ഥിരം കാഴ്ചയാണ്. റോഡ് പണിയുടെ ഭാഗമായി കുത്തിപ്പൊളിച്ച റോഡ് വർഷങ്ങളായി ടാർ ചെയ്തിട്ടുമില്ല.
പെരിങ്കടവിള ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ കാക്കണം,ആലത്തുർ റോഡിൽ ബസ് സർവ്വീസ് ഉണ്ടായിരുന്നെങ്കിലും റോഡ് തകർന്നതോടെ നിറുത്തലാക്കി.പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത്,എം.എൽ.എ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർക്ക് പരാതി നൽകിയെങ്കിലും ജനപ്രതിനിധികൾ റോഡ് കാണാൻ പോലും തയ്യാറായിട്ടില്ല. ഈ റോഡിൽ കൂടിയാണ് കേട്ടയ്ക്കൽ മേഖലയിലുള്ള ക്വാറികളിൽ പാറക്കല്ലുകളടക്കമുള്ള സാമഗ്രിഹികളെടുക്കാൻ പോകാറുള്ളത്.
റോഡുകളെല്ലാം തകർച്ചയിൽ
ഉദയൻപാറ,പാട്ടവള റോഡ്,മാരായമുട്ടം മാലകുളങ്ങര സെഹിയോൻ നഗർ റോഡ്, ചുള്ളിയൂർ കരിക്കത്തുകളും റോഡ്,അയിരൂർ പുളിമാങ്ങോട് റോഡ്,മാരായമുട്ടം ഗവ.എച്ച്.എസ്.എസിലെ കുട്ടികൾ ആശ്രയമായ മണലുവിള ഹൈസ്കൂൾ റോഡ്,അരുവിപ്പുറം ഒടുക്കത്ത് മാരായമുട്ടം റോഡ്,മാരായമുട്ടം ചിറ്റാറ്റിൻകര റോഡ് എന്നിവയടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന മാരായമുട്ടത്തെ മിക്ക റോഡുകളും തകർന്നു കിടക്കുകയാണ്.
മെയിന്റനൻസും നടക്കുന്നില്ല
പെരുങ്കടവിള പഴമല റോഡ്,പഴമല തെള്ളുക്കുഴി റോഡ്,പഴമല തോട്ടവാരം റോഡ്,ആലത്തൂർ വാഴാലി റോഡ്,കോട്ടയ്ക്കൽ പുതുവൽ പൊറ്ററോഡ്,കോട്ടയ്ക്കൽ തൃപ്പലവൂർറോഡ് തുടങ്ങിയ ജനങ്ങളുടെ ആശ്രയമായ എല്ലാ റോഡുകളും തകർച്ചയിലാണ്.പഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന സർക്കാരും റോഡിന്റെ മെയിന്റനൻസ് കാലാകാലങ്ങളിൽ ചെയ്യാത്തതാണ് തകരാൻ കാരണം. തകർന്ന റോഡുകൾ പുനരുദ്ധീകരിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലായെന്ന് പഞ്ചായത്ത് ഭരണസമിതി നിലപാടെടുത്തെന്നും ആക്ഷേപമുണ്ട്.
സമര പരിപാടികൾ സംഘടിപ്പിക്കും
റോഡുകൾ തകർന്നതോടെ രോഗികളെ പോലും ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓട്ടോ,ടാക്സി തൊഴിലാളികൾക്കും യാത്ര ബുദ്ധിമുട്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയും പ്രസിഡന്റ് ബിനിൽ മണലുവിളയും അറിയിച്ചു.