തിരുവനന്തപുരം: സാധാരണക്കാർക്ക് വേണ്ടി പോരാടി ജീവിച്ച ഡോ.പി.പല്പുവിനെക്കുറിച്ച് പുതിയ തലമുറയ്ക്ക് പഠിപ്പിച്ചുകൊടുക്കണമെന്നും അതിലൂടെ സാമൂഹ്യപ്രതിബദ്ധത വളർത്തണമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.പ്രസ് ക്ലബ് ഹാളിൽ ഡോ.പി.പല്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച ഡോ.പി.പല്പുവിന്റെ 161-ാമത് ജന്മദിനാഘോഷവും 13-ാമത് അവാർഡ് സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദ വിപ്ലവകാരിയെന്നാണ് പല്പുവിനെ സരോജിനി നായിഡു വിശേഷിപ്പിച്ചത്. കേരളത്തിലെ സാമൂഹ്യ നവോത്ഥാന നേതാക്കളിൽ പ്രമുഖനായ അദ്ദേഹം വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ സമഗ്ര പുരോഗതിക്കായി പരിശ്രമിച്ചു. സാധാരണക്കാരെ സംഘടിപ്പിച്ച് നിരവധി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

13-ാമത് ഡോ.പല്പു അവാർഡ് എസ്.എഫ്.സി മുരള്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കേശവൻ മുരളീധരന് മന്ത്രി നൽകി.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ശബരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാറിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു.ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജ്,തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ്,ഡോ.പല്പു ഫൗണ്ടേഷൻ പ്രസിഡന്റ് അമ്പലത്തറ ചന്ദ്രബാബു,ജനറൽ സെക്രട്ടറി അഡ്വ.കെ.സുഗതൻ,ട്രഷറർ ഡി.കുട്ടപ്പൻ,ഡോ.പി.ചന്ദ്രമോഹൻ,ഡോ.വി.കെ.ജയകുമാർ എന്നിവർ സംസാരിച്ചു.