d

ചെന്നൈ: വില്ലുപുരത്തെ വിക്രവാണ്ടിയിൽ നടന്ന പൊതുസമ്മേളനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കിടിലൻ എൻട്രി നടത്തിയ തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനത്തിലൂടെ പാർട്ടി പ്രവർത്തനം തമിഴ്നാട്ടിൽ വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ രണ്ടിന് കോയമ്പത്തൂരിൽ നിന്ന് ആരംഭിക്കുന്ന പര്യടനം 27ന് തിരുനെൽവേലിയിൽ മെഗാറാലിയോടെ സമാപിക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. മറ്റ് പാർട്ടികളിലെ നേതാക്കളെ ടി.വി.കെയിലിൽ എത്തിക്കാൻ സാധിക്കുമെന്നും കണക്കാക്കുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ടി.വി.കെ സ്ഥാനാർത്ഥികളുണ്ടാകുമെന്നാണ് സമ്മേളനത്തിൽ വിജയ് പ്രഖ്യാപിച്ചത്.

നവംബർ 1ന് തമിഴ്നാട് ദിനമായി ആചരിക്കണമെന്ന് വിജയ് ഇന്നലെ അഭിപ്രായപ്പെട്ടു. സമ്മേളനത്തിനുശേഷം ആദ്യമായാണ് ഒരു പൊതുആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഭാഷാടിസ്ഥാനത്തിൽ തമിഴ്നാട് രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണ്. നവംബർ ഒന്ന് തമിഴ്നാട് ദിനം ആയാൽ, തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനായി ജീവത്യാഗം ചെയ്തവർക്കുള്ള ആദരം ആകുമെന്നും വിജയ് പറഞ്ഞു. ജൂലായ് 18 തമിഴ്നാട് ദിനം ആയി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കണമെന്ന പ്രമേയം അണ്ണാദുരൈ 1967ജൂലായ് 18നാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് സ്റ്റാലിൻ സർക്കാർ ജൂലായ് 18 തമിഴ്നാട് ദിനമായി തെരഞ്ഞെടുത്തത്. ആ തീരുമാനം മാറ്റണമെന്നാണ് വിജയ്‌യുടെ നിർദ്ദേശം.

എതിർക്കാതെ അണ്ണാ ഡി.എം.കെ

വിജയ്‌യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കൾക്കും നേതാക്കൾക്കും അണ്ണാ ഡി.എം.കെ നിർദ്ദേശം നൽകി, വിജയ് എ.ഡി.എം.കെയെ എതിർത്തിട്ടില്ലെന്നും അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം. വിജയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നിന്നും അണ്ണാ ഡി.എം.കെ നേതാക്കൾ വിട്ടുനിൽക്കെയാണിത്. വില്ലുപ്പുറം സമ്മേളനത്തിൽ വിജയ് എം.ജി.ആറിനെ പ്രകീർത്തിച്ചത് പ്രശംസനീയമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പ്രതികരിച്ചിരുന്നു.

അതിനിടെ തമിഴ് വാർത്താ ചാനൽ തുടങ്ങാൻ വിജയ് ചർച്ച നടത്തിയെന്ന റിപ്പോർട്ടും വന്നു.