
പാറശാല: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും പാറശാലയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശം. പാറശാല ഗ്രാമപഞ്ചായത്തിലെ പരശുവയ്ക്കൽ വില്ലേജിലാണ് ഏറ്റവും കൂടുതൽ കൃഷി നാശങ്ങൾ സംഭവിച്ചത്.പരശുവയ്ക്കൽ ഏലായിലെ 10 ഹെക്ടറോളം സ്ഥലത്തെ വാഴ കർഷകർക്കാണ് കൂടുതൽ നഷ്ടങ്ങളുണ്ടായത്. ഇവിടത്തെ ഏലായിലെ 25,000ൽപരം വാഴകൾ ഒടിഞ്ഞ്‌വീണ് നശിച്ചിട്ടുണ്ട്. കുലച്ചതും കുലയ്ക്കാത്തതുമായ 25,000 ഓളം വാഴകളാണ് ഒടിഞ്ഞത്. പരശുവയ്ക്കൽ പ്രദേശത്ത് മാത്രമായി ഏകദേശം 50 ലക്ഷത്തോളം രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.
കൂടതെ പെരുവിള, പനയറക്കൽ, നെടിയാംകോട് പുല്ലൂർക്കോണം എന്നീ ഭാഗങ്ങളിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്. വാഴ, മരിച്ചീനി തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്ന ഏകദേശം 50 ഓളം കർഷകരാണ് പ്രകൃതിക്ഷോഭത്തിൽ ദുരിതത്തിലായത്. പെരുവിള,പുല്ലൂർക്കോണം,നേടിയാംകോട് എന്നിവടങ്ങളിലും വ്യാപകമായി കൃഷിനാശം ഉണ്ടായിട്ടുണ്ട്. പരശുവയ്ക്കൽ ഒഴികെയുള്ള ഭാഗങ്ങളിലായി 10,000 കുലച്ച വാഴകളും,10000 കുലയ്ക്കാത്ത വാഴകളും നശിച്ചതായിട്ടാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ പ്രദേശങ്ങളിൽ കൃഷിചെയ്‌തിരുന്ന പച്ചക്കറികളും നശിച്ചിട്ടുണ്ട്. പാറശാല പഞ്ചായത്തിൽ മാത്രമായി ഏകദേശം ഒരു കോടിയോളംരൂപയുടെ കൃഷിനാശം സംഭവിച്ചതായി സ്ഥലം സന്ദർശിച്ച കൃഷി ഓഫീസർമാർ വിലയിരുത്തി. സ്വന്തം വസ്തുവിന് പുറമെ പാട്ടത്തിനെടുത്ത ഭൂമിയിലാണ് പലരും കൃഷിചെയ്യുന്നത്. ഇതോടെ പ്രദേശങ്ങളിലെ നൂറോളം കർഷകർ ദുരിതത്തിലായി.