p

തിരുവനന്തപുരം: ധനവകുപ്പിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ ശ്രീരാം വെങ്കിട്ടരാമൻ ചെയർമാനായി മെഡിസെപ് പരിഷ്ക്കരിക്കാൻ ഏഴംഗ വിദഗ്ദ്ധസമിതി രൂപീകരിച്ചു.

2025ജൂലായ് ഒന്നുമുതൽ നിലവിൽ വരുന്ന മെഡിസെപ് പദ്ധതിയിലെ നിരക്കുകൾ,സേവനങ്ങൾ, ചികിത്സാപാക്കേജുകൾ തുടങ്ങിയവ പരിഷ്ക്കരിക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. സർവ്വീസ് സംഘടനകളുടെയും പെൻഷൻ സംഘടനകളുടെയും പരാതികൾ കൂടി പരിഹരിക്കുന്ന നിർദ്ദേശങ്ങളും സമർപ്പിക്കണം.

നിലവിലെ മെഡിസെപ് 2022ജൂലായ് ഒന്നിനാണ് നിലവിൽ വന്നത്. മൂന്ന് വർഷത്തെ കാലാവധി 2025ജൂൺ 30ന് അവസാനിക്കും. ഓറിയന്റൽ ഇൻഷ്വൻസ് കമ്പനിക്കാണ് നടത്തിപ്പ് ചുമതലയുടെ കരാർ. 6000 രൂപയാണ് വാർഷിക പ്രീമിയം.സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സർവ്വീസ് പെൻഷൻകാരും ആശ്രിതരുമാണ് ഗുണഭോക്താക്കൾ.

നിലവിലെ മെഡിസെപിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പദ്ധതി പരിഷ്ക്കരിക്കാനുള്ള നീക്കം.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സാസഹായം നൽകേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്.നേരത്തെ ഉണ്ടായിരുന്ന മെഡിക്കൽ റീഇംബേഴ്സ്മെന്റ് പരിഷ്ക്കരിച്ചാണ് സർക്കാർ മേൽനോട്ടത്തിൽ മെഡിസെപ് എന്ന പേരിൽ കാഷ്ലെസ് ആരോഗ്യഇൻഷ്വറൻസ് പദ്ധതി കൊണ്ടുവന്നത്.

നിലവിലെ മെഡിസെപ് പദ്ധതി ആവിഷ്ക്കരിച്ച കമ്മിറ്റിയിലുണ്ടായിരുന്ന ടെക്നിക്കൽ അഡ്വൈസർ അരുൺ ബി.നായരെ പുതിയ വിദഗ്ദ്ധസമിതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.ജയകുമാർ,ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ.ബിജു സോമൻ,പെരിന്തൽമണ്ണ ഇ.എം.എസ്‌ ഹോസ്പിറ്റലിലെ ഡോക്ടറും ഐ.എം.എ.ഹോസ്പിറ്റൽ ബോർഡിന്റെ കേരളചാപ്റ്റർ ചെയർമാനുമായ ഡോ. എ.വി.ജയകൃഷ്ണൻ,തിരുവനന്തപുരം ആർ.സി.സിയിലെ സൂപ്രണ്ട് ഡോ.എ.എൽ.ലിജീഷ്,നാഷണൽ ഹെൽത്ത് മിഷനിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രോഗ്രാം മാനേജരായ ഡോ.ബിജോയ് എന്നിവരാണ് അംഗങ്ങൾ.