photo

പാലോട്: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. നന്ദിയോട് ആലുങ്കുഴിയിൽ ഫസിലുദ്ദീന്റെ വീടിന്റെ മതിൽ തകർന്ന് സമീപവാസിയായ ഷാജഹാന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇടിമിന്നലിൽ ഇളവട്ടം താഹയുടെ ഗൃഹോപകരണങ്ങൾ തകർന്നു. ആലുങ്കുഴിയിൽ വികലാംഗനായ ശിവദാസന്റെ വീടിന് മുകളിൽ തൊട്ടടുത്ത വീടിന്റെ മതിൽ തകർന്ന് വീണു. പെരിങ്ങമ്മല പഞ്ചായത്തിൽ മടത്തറ മേലേ മുക്കിൽ ബ്ലോക്ക് നമ്പർ 163, 164 എന്നീ വീടുകളിൽ താമസിക്കുന്ന ബിനു, പ്രശോഭന, സുകുമാരൻ എന്നിവരുടെ വീടിലേക്ക് മണ്ണിടിഞ്ഞുവാണു. നന്ദിയോട് പുലിയൂരിൽ ഷീലാ ഭവനിൽ സുകുമാരന്റെ വീടിനു മുകളിൽ തെങ്ങ്‌വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. വാമനപുരം നദിയുടെ ഇരുകരകളിലേയും വീടുകളിൽ വെള്ളം കയറി. പൊട്ടൻചിറയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇടിഞ്ഞാർ, മങ്കയം ഭാഗങ്ങളിൽ വെള്ളം കയറി. കുറുപുഴ മുതൽ മടത്തറ വരെ റോഡിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. മണ്ണാറുകുന്ന്, നവോദയ, വഞ്ചുവം, താന്നിമൂട് പെട്രോൾ പമ്പിന് സമീപം എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ശക്തമാണ്. ഊളൻകുന്ന്, പച്ചമുടുംബ്, ഓരുക്കുഴി, പുലിയൂർ,കുശവൂർ,ആലുങ്കുഴി, ഒഴുകുപാറ, കല്ലണ എന്നിവിടങ്ങളിൽ കൃഷി നശിച്ചു. ഇനിയും മഴ തുടരാൻ സാദ്ധ്യത ഉള്ളതിനാൽ നദികളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.