വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി അദ്ധ്യാപക നിയമനത്തിൽ പട്ടികജാതി വിഭാഗത്തെ തഴഞ്ഞെന്നാരോപിച്ച് ഐ.സി.ഡി.സി സൂപ്പർ വൈസറെ തടഞ്ഞുവച്ചു. തൊടുമല വാർഡ് മെമ്പർ അഖില ഷിബുവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടുകൂടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സംഘടിച്ചെത്തിയ ആദിവാസികളാണ് സൂപ്പർ വൈസറെ തടഞ്ഞുവച്ചത്. രാത്രി വൈകിയതോടെ ഐ.സി.ഡി.സി സൂപ്പർ വൈസറും സമരത്തിൽ പങ്കെടുത്ത സ്ത്രീയും കുഴഞ്ഞുവീണു. ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ സമരക്കാർ രാത്രിയായിട്ടും പിരിഞ്ഞുപോയില്ല.

നിയമനത്തിൽ പട്ടികജാതി വിഭാഗത്തിനെയും ഉൾപ്പെടുത്തുമെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പുനൽകിയാലെ പിരിഞ്ഞുപോവുകയുള്ളുവെന്ന് പ്രതിഷേധക്കാർ അറിയിച്ചു. തുടർന്ന് രാത്രി കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നേതൃത്വത്തിൽ നെയ്യാർഡാം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സമരക്കാരുമായി ചർച്ച നടത്തി. തിങ്കളാഴ്ച ഡിവൈ.എസ്.പി ഓഫീസിൽ വച്ച് ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിൽ രാത്രിയോടെ സമരം അവസാനിപ്പിച്ചു. സി.ഡി.പി.ഒയും ഇന്റർവ്യൂ ബോർഡും തെരഞ്ഞെടുത്തവർക്കാണ് നിയമന ഉത്തരവ് നൽകിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു പറഞ്ഞു.