
പാലോട്: ആറ്റിങ്ങൽ,കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ കിഴക്കൻ മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് മലയോര പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി നന്ദിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്ക് എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖാന്തരം നിവേദനം നൽകി. പുനലൂരിൽ നിന്നും ആരംഭിച്ച് തെൻമല,കുളത്തൂപ്പുഴ,മടത്തറ,പാലോട്, നന്ദിയോട്,ചുള്ളിമാനൂർ,നെടുമങ്ങാട് വഴി തിരുവനന്തപുരത്ത് എത്തിചേരുന്ന പുതിയ റെയിൽവേ ലൈൻ ആരംഭിക്കണമെന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരിക്കുമ്പോൾ ഈ മലയോര മേഖലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനും നിലവിലുള്ള ടൂറിസം മേഖലയുടെ വികസനത്തിനും കാർഷിക,വ്യാവസായിക,തൊഴിൽ,വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും നിലവിലെ യാത്രാക്ലേശത്തിനും പദ്ധതി ഏറെ പ്രയോജനമാകും.നിവേദനം കേന്ദ്ര റെയിവേ മന്ത്രിക്കു സമർപ്പിക്കുമെന്നും വേണ്ട തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി നിവേദകസംഘത്തിന് ഉറപ്പ് നൽകി.ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം നന്ദിയോട് ജെ.ബാബു,ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.മോഹനൻ,അഡ്വ:യു.എസ്.ബോബി.എസ്.എസ്.ബാലു.ഡി.ലോറൻസ്,ആട്ടുകാൽ ജയചന്ദ്രൻനായർ, അഡ്വ:ബി.എസ്.സുബാഷ്,എസ്.ഉദയകുമാർ, എസ്.പി.കൃഷ്ണൻകുട്ടി എന്നിവർ സംഘത്തിലുണ്ടായിരുന്നു.