a

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നും രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളിലേക്ക് യാത്രക്കാർക്ക് പോകാനുള്ള നടപ്പാലത്തിൽ ഒറ്റ മഴയത്തു പോലും വെള്ളക്കെട്ട് അനുഭവപ്പെടുന്നു. പാലത്തിലെ നടപ്പാത ടെെൽപാകിയതാണ്. ടിക്കറ്റ് കൗണ്ടർ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലായതിനാൽ യാത്രക്കാർ ഇവിടെ നിന്നും ടിക്കറ്റെടുത്ത് വെണം ഓവർബ്രിഡ്ജിലൂടെ രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളിലെത്താൻ. ട്രെയിനിൽ നിന്ന് രണ്ടും മൂന്നും പ്ളാറ്റ് ഫോമുകളിലിറങ്ങുന്ന യാത്രക്കാരും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിവേണം ഗേറ്റിന് പുറത്തേക്ക് കടക്കാൻ. മഴക്കാലത്ത് പാലത്തിന്റെ പടികളിലും ഓവർബ്രിഡ്ജിലും വെള്ളം കെട്ടുക പതിവാണ്. ഇവിടെ തറയിൽ ടൈൽസ് പാകിയിരിക്കുന്നതിനാൽ യാത്രക്കാർ തെന്നിവീണ് പരിക്കുണ്ടാവുന്നതും നിത്യസംഭവമാണ്. ഇടുങ്ങിയ നടപ്പാലത്തിന് മേൽക്കൂരയുണ്ടെങ്കിലും മഴ പെയ്താൽ ഇതിനകത്ത് കാറ്റത്ത് വെള്ളം വീശിയടിച്ച് പാലത്തിന്റെ തട്ടുകൾ നനയും. അവിടവിടെ വെള്ളക്കെട്ടും ഉണ്ടാകും. ദിവസേന ഒട്ടനവധി യാത്രക്കാരാണ് തിരുവനന്തപുരം,കൊല്ലം ഭാഗങ്ങളിലേക്ക് ട്രെയിനിൽ പോകാനായി ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. എക്സ്‌പ്രസ് ട്രെയിനുകൾ ഉൾപ്പെടെ അനവധി ട്രെയിനുകളാണ് ഈ സ്റ്റേഷനിൽ നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.എത്രയും വേഗം പാലത്തിന്റെ അപകടസ്ഥിതി ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.