തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് ആരോപണത്തിൽ വിവാദത്തിലായ നേമം സർവീസ് സഹകരണ ബാങ്കിനെതിരെ കൂടുതൽ പരാതികൾ. ലോണെടുത്തവരറിയാതെ അവരുടെ പേരുകളിൽ വേറെ അപേക്ഷ തയ്യാറാക്കി വൻ തുക ലോണെടുത്ത് കബളിപ്പിച്ചെന്നാണ് ആരോപണം.

ബാങ്കിൽ ആധാരങ്ങൾ ഈടുവച്ച് ചെറിയ തുകകൾ ലോണെടുത്ത പലരും ഇന്ന് ബാങ്കിന് വൻതുക കടക്കാരാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ജോയിന്റ് രജിസ്ട്രാറുടെയും വിജിലൻസിന്റെയും അന്വേഷണം പൂർത്തിയാകുമ്പോൾ ഇതിന്റെ പൂർണ വിവരം വ്യക്തമാകും.

ലോൺ തട്ടിപ്പിന്റെ പുതിയ വേർഷൻ ഇങ്ങനെ

ആധാരം ഈടുവച്ച് ബാങ്കിൽ നിന്നും അഞ്ചുലക്ഷം രൂപ ലോണെടുക്കാൻ എത്തുന്നവരിൽ നിന്ന് അപേക്ഷയും ആധാരത്തിന്റ രേഖകൾ സഹിതം വാങ്ങി ഈടിന്മേൽ ലോൺ പാസാക്കി നൽകും. അതോടൊപ്പം അതേ അപേക്ഷകന്റെ പേരിൽ മറ്റൊരു അപേക്ഷ കൂടി വച്ച് മറ്റൊരു ലോൺ കൂടി പാസാക്കും. ഈ ലോണിന്റെ വിവരം അപേക്ഷകൻ അറിയില്ല. ലോൺ ഫോറത്തിൽ ലോണെടുത്തയാളുടെ ഫോട്ടോ പതിക്കില്ലെന്നും ഫോൺ നമ്പർ എഴുതാറില്ലെന്നുമാണ് ആരോപണം. ഇങ്ങനെ ലോണെടുത്ത നിരവധിയാളുകളുടെ പേരിൽ മറ്റ് ലോണുകൾ എഴുതിയെടുത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. അന്വേഷണം പൂർത്തിയായ ശേഷം തട്ടിപ്പിന് പിന്നിലുള്ളവരെ പൊലീസ് അടുത്ത ആഴ്ചയോടെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

പുറത്താക്കിയവർക്ക്

പാർട്ടി നോട്ടീസ് നൽകിയില്ലെന്ന്

ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നതോടെ ഡയറക്ടർ ബോർഡ് മെമ്പർമാർക്കെതിരെ സി.പി.എം കൂട്ട നടപടിയെടുത്തിരുന്നു. മുൻ ബാങ്ക് സെക്രട്ടറിമാരായ ബാലചന്ദ്രൻ നായർ,​എ.ആർ.രാജേന്ദ്രൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും മറ്റ് ഏഴുപേരെ സസ്‌പെൻഡും ചെയ്യുകയായിരുന്നു. എന്നാൽ നടപടിക്കത്ത് നൽകേണ്ട ലോക്കൽ കമ്മിറ്റി ഇതുവരെ നൽകിയിട്ടില്ലെന്നും സെക്രട്ടറി നടപടി വൈകിപ്പിക്കുകയാണെന്നും പാർട്ടിക്കാർക്കിടയിൽ ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച പരാതി ജില്ലാ സെക്രട്ടറിക്ക് നൽകിയെന്നാണ് വിവരം.