
ചിറയിൻകീഴ്: തീരദേശ പാതയായ പെരുമാതുറയിൽ യാത്രാക്ലേശം രൂക്ഷമായിട്ട് നാളുകളേറെയാവുന്നു. സ്വകാര്യ ബസുകൾക്ക് അയിത്തം കൽപ്പിച്ചിട്ടുള്ള ഈ റൂട്ടിൽ യാത്രക്കാരുടെ പ്രധാന ആശ്രയം കെ.എസ്.ആർ.ടി.സിയും സമാന്തര സർവീസുകളുമാണ്. ആളെപ്പിടിക്കാനുള്ള തന്ത്രപ്പാടും ഏറെനേരം പലയിടങ്ങളിലുമായി കാത്തു കിടപ്പുമൊക്കെയുള്ള സമാന്തര സർവീസുകൾ യാത്രക്കാർക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കൊവിഡിനു ശേഷമാണ് ഈ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാവാൻ തുടങ്ങിയത്. പല സർവീസുകളും ഇതിനോടകം നിറുത്തലാക്കി. വെളുപ്പിന് 4.50ന് കണിയാപുരത്തുനിന്ന് ആരംഭിച്ച് 5.20ന് പെരുമാതുറയിലെത്തി അവിടെനിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന സർവീസ് മെഡിക്കൽ കോളേജിലടക്കം പോകുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു. ഇത് നിറുത്തലാക്കിയത് സാധാരണക്കാരായ യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കി. ആറ്റിങ്ങൽ പെരുമാതുറ റൂട്ടിലെ ബസ് സർവീസും നിറുത്തലാക്കിയിട്ട് വർഷങ്ങളാവുന്നു. പെരുമാതുറ വഴിയുള്ള കളിയിക്കാവിള-കരുനാഗപ്പള്ളി സർവീസും നിലവിൽ നിശ്ചലമാണ്.
സ്റ്റേയിടം നഷ്ടമായി
വെളുപ്പിന് 4.50ന് പുതുക്കുറിച്ചിയിൽ നിന്നുമാരംഭിക്കുന്ന രണ്ട് സ്റ്റേ സർവീസുകൾ ഉണ്ടായിരുന്നു. ഒന്ന് കണിയാപുരം വഴി തിരുവനന്തപുരവും മറ്റേത് തുമ്പ-വേളി വഴി തിരുവനന്തപുരവും. ഇവയും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഈ ബസുകൾ സ്റ്റേ ചെയ്തിരുന്ന ഇടം വഴിയോര വിശ്രമ കേന്ദ്രമാക്കി പുതുക്കിപ്പണിതെങ്കിലും ഇതിന്റെ ഉദ്ഘാടനം നടത്തിയിട്ടില്ല. അക്കാരണത്താൽ സ്റ്റേയിടം നഷ്ടമായതാണ് ബസ് സർവീസ് നിറുത്താൻ കാരണം.
സർവീസ് പുനഃരാരംഭിക്കണം
മുൻകാലങ്ങളിൽ വൈകിട്ട് 4.50ന് കണിയാപുരത്തുനിന്ന് പെരുമാതുറയിലേക്ക് ഉണ്ടായിരുന്ന ഒരു സർവീസും നിറുത്തലാക്കിയിരുന്നു. 4.30 കഴിഞ്ഞാൽ 5.30നും 6.10നുമാണ് കണിയാപുരത്തുനിന്നും പെരുമാതുറയിലേക്ക് ബസ് ഉള്ളത്. ഈ ബസുകൾ തിരുവനന്തപുരത്തു നിന്നും വരുന്നതിനാലും വൈകുന്നേരമായതിനാലും വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും കൊണ്ട് തിങ്ങിനിറഞ്ഞായിരിക്കും കണിയാപുരം സ്റ്റാൻഡിലെത്തുന്നത്. അവിടെയുള്ള യാത്രക്കാർക്ക് ഈ ബസുകളിലെ യാത്ര ഏറെ ക്ലേശകരമാണ്. 4.50ന്റെ സർവീസ് പുനഃരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സർവീസുകൾ നിറുത്തലാക്കി
6.10നു ശേഷം കണിയാപുരത്തു നിന്ന് പെരുമാതുറയിലേക്കും 6.50ന് ശേഷം പെരുമാതുറ ഭാഗത്തുനിന്ന് കണിയാപുരത്തേക്കും സർവീസുകളില്ല. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.30നാണ് തുമ്പ-വേളി വഴി പെരുമാതുറയിലേക്കുള്ള അവസാന ബസ്. 7.45നുശേഷം പെരുമാതുറയിൽ നിന്നും തിരിച്ചും സർവീസുകളില്ല.