പാലോട്: പാലോട് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം നാളെ മുതൽ 8 വരെ വിതുരയിൽ നടക്കും. 7 വേദികളിലായി മൂവായിരത്തിലധികം കുട്ടികളാണ് മാറ്റുരയ്‌ക്കുക. വിതുര ഹൈസ്‌കൂൾ,കമ്മ്യൂണിറ്റി ഹാൾ,ഗവ.യു.പി സ്‌കൂൾ ഓഡിറ്റോറിയം,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരിക്കും വേദികൾ.

നാളെ രാവിലെ 9.30ന് രചനാ മത്സരങ്ങൾ നടക്കും. 6ന് രാവിലെ 9 മുതൽ ഘോഷയാത്ര, 9.30ന് ഉദ്ഘാടന സമ്മേളനം വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ എം.ജെ.ഷാജി സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ജയദാസ് നന്ദിയും പറയും. 8ന് വൈകിട്ട് 4ന് സമാപന സമ്മേളനം നടക്കും. മഞ്ജുഷ ജി.ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്യും. പാലോട് എ.ഇ.ഒ ഷീജ.വി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ അരുൺ നന്ദിയും പറയും.