കടയ്ക്കാവൂർ: അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവ്നായശല്യം രൂക്ഷമാകുന്നു. തെരുവ്നായ്ക്കളെ ഭയന്ന് വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. വീടുകളിൽ കയറി​ വളർത്തുമൃഗങ്ങളെയും കോഴി​കളെയും ആക്രമിച്ചുകൊല്ലുന്നതിനൊപ്പം ആളുകളെയും ആക്രമിക്കുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നായശല്യം രൂക്ഷമായിരിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. രാവിലെ പത്രമിടാൻ പോകുന്നവരും ട്രെയിനിനും ബസിനും വന്നിറങ്ങുന്ന യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളുമാണ് ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവരിലേറെയും. വിവിധ സ്ഥലങ്ങളിൽ കൂട്ടമായി തമ്പടിച്ചിരിക്കുന്ന ഇവ കാൽനടയാത്രക്കാരെ വളഞ്ഞിട്ട് ആക്രമിക്കുകയും ഇരുചക്രവാഹനങ്ങളുടെ പിറകെ കൂട്ടമായോടി യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നതും പതിവായിട്ടുണ്ട്. വളർത്ത് നായ്ക്കൾക്ക് അസുഖമുണ്ടായാൽ പലരും അവയെ തെരുവിലുപേക്ഷിക്കുന്നു. തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്തുകൾ ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടില്ല. തെരുവ് നായ്ക്കളുടെ വന്ധ്യംകരണപദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.