നേമം: കല്ലിയൂരിൽ ഖാദി ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന നൂൽനൂൽപ്പ് കേന്ദ്രത്തിൽ വെള്ളവും വെളിച്ചവുമില്ലാത്ത കാര്യം അധികാരികൾ അറിഞ്ഞമട്ടില്ല. അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ മാത്രം വൈദ്യുതിയും പൈപ്പ് കണക്ഷനും എത്തിയിട്ടില്ല. അന്നത്തെ 60 തൊഴിലാളികളിൽ ബാക്കിയുള്ളത് 8 പേർ മാത്രം. ഇതിൽ 6 പേർ 60 വയസ് കഴിഞ്ഞവരാണ്. സർക്കാർ സ്ഥാപനങ്ങളെല്ലാം ഹൈടെക് ആയിട്ടും ഈ പാവം തൊഴിലാളികളുടെ ജീവിതത്തിൽ മാത്രം വെളിച്ചമെത്തിയിട്ടില്ല. ഏറെ യാതനകൾക്കിടയിൽ ജോലിചെയ്യുന്ന ഇവർക്ക് നിശ്ചിത ശമ്പള വ്യവസ്ഥ വേണമെന്നാണ് ആഗ്രഹം.

കൂട്ടിന് ഇരുട്ടുമാത്രം

കല്ലിയൂർ ക്ഷീര സഹകരണ സംഘം വാടകയില്ലാതെ നൽകിയ ഇടിഞ്ഞുപൊളിയാറായ ഓടിട്ട കെട്ടിടത്തിലാണ് ഈ നൂൽനൂൽപ്പ് കേന്ദ്രം പ്രവർത്തിക്കുന്നത്. ചർക്കയിലെ ബൈൻഡറിൽ ചുറ്റി ഇരുകൈയും മാറി മാറി കറക്കിയാണ് നൂൽനൂൽപ്പ്. ഇതിന് നല്ല കാഴ്ച വേണം. തൊഴിലാളികൾക്ക് പ്രായം ഏറെയായതും പഴയ കെട്ടിടമായതിനാൽ അകത്തേക്ക് വേണ്ടത്ര വെളിച്ചം കിട്ടാത്തതും നൂൽനൂൽപ്പിനെ ബാധിക്കുന്നുണ്ട്. മഴയെത്തിയാൽ ഇരുട്ട് വർദ്ധിക്കും. പണി നിറുത്തിവയ്ക്കേണ്ടി വരും.

നൂലിൽ കുരുങ്ങി

200ന്റെ 5നൂൽ കെട്ടാണ്(ബണ്ടിൽ)ആയിരം നൂലിന്റെ ഒരു കഴി. ഇങ്ങനെ 24 എണ്ണമാണ് ഒരാൾ പ്രതിദിനം തീർക്കേണ്ടത്. എന്നാൽ വെളിച്ചക്കുറവും പ്രതികൂല ഘടകങ്ങളും കാരണം 15 എണ്ണം പോലും തീരാറില്ല. ഒരു കഴി തീർത്താൽ കിട്ടുന്നതാകട്ടെ 13.50 രൂപയും. രാവിലെയെത്തി എത്ര പരിശ്രമിച്ചാലും വൈകിട്ട് 6 വരെ ജോലി ചെയ്താൽ മാസം തീരുന്നത് ഇരുന്നൂറോ, ഇരുന്നൂറ്രമ്പതോ കഴികളാണ്. അതായത് 3500 രൂപ വരെയാണ് മാസ വരുമാനം.

പ്രതിദിനം ഒരാൾ ചെയ്യേണ്ടത്........ 24 കഴി

ഒരു കഴിക്ക് കിട്ടുന്നത്....... 13.50 രൂപ

നിലവിൽ നിർമ്മിക്കാൻ കഴിയുന്നത് ..........15 എണ്ണം


ദുരിതമീ ജീവിതം

പൈപ്പ് കണക്ഷനില്ലാത്തതിനാൽ സമീപത്തെ വീടുകളിൽ നിന്ന് വെള്ളമെടുക്കണം. പഞ്ഞിയിൽ നിന്നുള്ള രൂക്ഷമായ പൊടി നിരന്തരം ശ്വസിച്ച് ശ്വാസകോശസംബന്ധമായ അസുഖങ്ങളുമുണ്ട്. തുച്ഛമായ വേതനം വീട്ടുവാടകയ്ക്കും മരുന്നിനും പോലും തികയാറില്ല.