36

ഉദിയൻകുളങ്ങര: ഒരു നാടിന്റെ മുഴുവൻ ആശ്രയമായിരുന്ന ഉദിയംകുളം വിസ്മൃതിയിലേക്ക്. നൂറ്റാണ്ടുകൾ

പഴക്കമുള്ള ഈ കുളത്തിനു സമീപത്തുകൂടിയാണ് രാജഭരണകാലത്തെ രാജപാത കടന്നുപോയിരുന്നത്. സ്ഥലം അറിയപ്പെടുന്നത് ഈ കുളത്തിന്റെ പേരിലാണ്. ചെങ്കൽ പഞ്ചായത്തിലെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾക്കും ജനവാസ മേഖലയായ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും ഒരുകാലത്ത് പരിഹാരമായിരുന്നു ഉദിയംകുളം. ഉറവവറ്റാത്ത ഈ കുളം പ്രദേശവാസികൾക്കും കൃഷിക്കാർക്കും ഏറെ പ്രയോജനമായിരുന്നു. എന്നാൽ കുളത്തിന്റെ വർഷങ്ങളായുള്ള ശോചനീയാവസ്ഥയിൽ പ്രദേശത്തെ കൃഷിയിടങ്ങൾ പാടെനശിച്ചു.

വേനൽ കടുക്കുന്ന സമയങ്ങളിൽ പ്രദേശത്ത് വൻ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

ഇപ്പോൾ മഴക്കാലമായതിനാൽ കരവെള്ളം ഊറിയിറങ്ങി വൻ ദുർഗന്ധമാണ് കുളത്തിനുള്ളത്. ഇവിടെ അറവ് മാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്നതിനാൽ തെരിവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

വെള്ളമെത്തിച്ചിരുന്നതും നിലച്ചു

രണ്ടേക്കറിൽ അധികം വിസ്തൃതിയുള്ള കുളം ചെങ്കൽ പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസംഭരണികളിൽ ഒന്നായിരുന്നു. ഉദിയംകുളം ശോചനീയാവസ്ഥയിലായതോടെ കുളത്തിൽ നിന്നും തോടുമാർഗ്ഗം ചെങ്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്നതും നിലച്ചു. സമീപ പ്രദേശങ്ങളിലെ വിവിധ

നിലങ്ങളെല്ലാം കര ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. കുളത്തെ ആശ്രയിച്ച് പാട്ടത്തിനെടുത്തും സ്വന്തം ഭൂമിയിൽ കൃഷിയിറക്കിയും കൃഷിയെ മാത്രം ആശ്രയിച്ചു പോന്ന നിരവധി കർഷകരാണ് ഇപ്പോൾ കൃഷി ഉപേക്ഷിച്ച് മറ്റു ജോലികൾക്കായി പോയി തുടങ്ങിയത്. അടിയന്തരമായി കുളം നവീകരിച്ച് നാട്ടുകാർക്കും കൃഷിക്കാർക്കും അനുയോജ്യ മാക്കണമെന്ന് സമീപവാസികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നു.

കാടുകയറിയ നിലയിൽ

കുളത്തിന്റെ ബണ്ടുകൾ മുഴുവൻ കാടുകയറിയ നിലയിലാണ്. കുളത്തിനെ വലംവച്ചുപോകുന്ന ബണ്ട് റോഡിന്റെ ഒരു ഭാഗത്ത് കൈവരികൾ ഇല്ലാത്തതിനാൽ രാത്രികാലത്ത് ബൈക്ക് യാത്രികരെ അപകടത്തിലാക്കുന്നതായും പ്രദേശവാസികൾ പറയുന്നു. വർഷങ്ങൾക്കു മുമ്പ് രാത്രിയിൽ ഇതുവഴി വന്ന സമീപവാസിയായ സെക്കിൾ യാത്രികൻ കുളത്തിൽ വീണ് മരണമടഞ്ഞിട്ടുണ്ട്. വേണ്ടത്രതെരുവുവിളക്കുകളുടെ അഭാവവുമുണ്ട്.

കുളം ശോചനിയാവസ്ഥയിൽ

കുളത്തിൽ നിന്നും കൃഷിക്കാവശ്യമായ ജലം ലഭിക്കാത്തതിനാൽ സമീപത്തെ പാടങ്ങളും കാടുകയറി കിടക്കുന്നതിനാൽ ഇവിടെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. കുളത്തിന്റെ സമീപത്തുള്ള നിരവധി വീടുകളിൽ ഇഴജന്തുക്കൾ കയറുന്നതായും പ്രദേശവാസികൾ പറയുന്നു. രാത്രികാലങ്ങളിൽ കാൽനടക്കാർ ഇഴജന്തുക്കളെ പേടിച്ചാണ് പോകുന്നത്.

ചെങ്കൽ പഞ്ചായത്തിലെ രണ്ടു വാർഡുകൾ ഉൾപ്പെടുന്നതാണ് ഈ കുളം.രാജ ഭരണകാലത്തെ നിലവിലുള്ള ഈ കുളം സംരക്ഷിക്കപ്പെടണമെന്നും നവീകരണം നടത്തി കൃഷിക്കാർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാവുകയാണ്.