p

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരിൽ പൊടുന്നനെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് - മല്ലു ഹിന്ദു ഓഫീസേഴ്സ്. അഡ്മിൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ. വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.

തന്റെ അറിവോടെയല്ലെന്നും തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തെന്നുമാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. സൈബർ സെല്ലിന് പരാതി നൽകിയെന്നും പറഞ്ഞു. എന്നാൽ,​ പരാതി ലഭിച്ചിട്ടില്ലെന്നാണ് സൈബർ സെൽ അധികൃതർ പറയുന്നത്.

മുതിർന്ന ഐ.എ.എസുകാർ ഉൾപ്പെടെ ഗ്രൂപ്പിലുണ്ടായിരുന്നു. ഇത്തരം ഒരു ഗ്രൂപ്പിന്റെ ഗൗരവം ഇതിൾ ഉൾപ്പെട്ട ചിലർ തന്നെ ഗോപാലകൃഷ്ണനെ വിളിച്ചറിയിച്ചു. അതോടെയാണ് ഡിലീറ്ര് ചെയ്തത്. അറിഞ്ഞയുടൻ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തെന്നും വാട്സ് ആപ്പ് അൺഇൻസ്റ്രാൾ ചെയ്തെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഫോൺ ഹാക്ക് ചെയ്ത് ഒരു വിഭാഗത്തിന്റെ പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് അത്യന്തം ഗൗരവതരമാണെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ പറയുന്നു.

കെ.ഗോപാലകൃഷ്ണന്റെ വിശദീകരണം ഇങ്ങനെ:

ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രമല്ല,​ തന്റെ കോൺടാക്ട് ലിസ്റ്റിലുള്ള പല മതവിഭാഗങ്ങളിലെ ഐ.എ.എസുകാരെയുംഉൾപ്പെടുത്തിയുള്ള 11 വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടു. എല്ലാവരെയും വിവരമറിയിച്ച് 10 മിനിറ്റിനകം ഡിലീറ്റ് ചെയ്യിച്ചു. സൈബർ സെല്ലിൽ പരാതി നൽകി. ഒരു മതവിഭാഗക്കാരെ മാത്രം ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്.