
'പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആരാവും വിജയിക്കുന്നത്..?' സാധാരണക്കാർക്ക് നല്ലത് ചെയ്യുന്നവരാരോ അവർ വിജയിക്കണം. ഉത്തരവാദിത്വമുള്ളവർ ഭരണത്തിൽ വരണം..' ഉത്തരം പറയാൻ തൈക്കാട് ഗവ. ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വൈകിയില്ല. രാഷ്ട്രീയത്തിൽ മുതൽ സുനിതാ വില്യംസിന്റെ ബഹിരാകാശ സഞ്ചാരത്തെക്കുറിച്ചുവരെ കൃത്യമായ നിലപാടുള്ളവർ. ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ക്യാമ്പസ് ഇക്കുറി നൂറാംവാർഷികം ആഘോഷിക്കുകയാണ്. സത്യത്തെ മുറുകെപ്പിടിക്കാനുള്ള ആത്മവിശ്വാസവും കൃത്യമായ രാഷ്ട്രീയ സമീപനവും വേണമെന്നാണ് പഠിച്ചിറങ്ങിയ പ്രതിഭകൾ വരുംതലമുറയ്ക്ക് നൽകിയ സന്ദേശം.
ആദ്യം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗമായിരുന്ന ക്യാമ്പസ് 1924ലാണ് പ്രത്യേകമാകുന്നത്. പേരിൽ ആർട്സ് ഉണ്ടെങ്കിലും കലയ്ക്ക് മാത്രമല്ല ഇവിടെ പ്രാധാന്യം.
കോളേജിലെ ചുണക്കുട്ടികൾ കേരളകൗമുദിയോട് മനസ് തുറക്കുന്നു...
ചോക്ക് തിരഞ്ഞ് പോണോ?
25 വയസിനുള്ളിൽ ഒരു സർക്കാർ ജോലി നേടുക. തസ്തിക എത്ര ചെറുതായാലും കുഴപ്പമില്ല. 27 വയസിനുള്ളിൽ വിവാഹം. കുട്ടികൾ. പെൻഷനായ ശേഷം മക്കളുടെ തണലിൽ വിശ്രമജീവിതം. ആനന്ദലബ്ധിക്കിനി എന്തു വേണ്ടു..! ക്യാമ്പസുകളിലെ മരച്ചുവട്ടിൽ ഇങ്ങനെ സ്വപ്നം കണ്ടിരുന്നവരുടെ കാലം കഴിഞ്ഞുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. സ്കിലാണ് ഇപ്പോഴത്തെ കുട്ടികളുടെ വജ്രായുധം. ചോക്ക് മലയിൽ നിന്ന് ചോക്ക് കഷണം അന്വേഷിച്ചുപോയ ആളിന്റെ കഥ ലോഹിതദാസ് പറഞ്ഞത് ഓർമ്മയില്ലേ..അതാണ് ഇവർക്കും പറയാനുള്ളത്. പി.എസ്.സി പരീക്ഷയെഴുതി ജോലിയിൽ പ്രവേശിക്കുന്നതല്ല അവസാനലക്ഷ്യം. കംഫോർട്ട് സോണിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിലാണ് ഇന്നത്തെ തലമുറ. കംഫോർട്ട് സോൺ താത്കാലിക സുഖം നൽകുമെങ്കിലും അതിനുള്ളിൽ വളർച്ചയുണ്ടാവില്ല. ഏത് സാഹചര്യത്തിലും ജീവിക്കാൻ പറ്റുന്നത് ഒരു ലൈഫ് സ്കില്ലാണ്. അതിനായി സജ്ജമാക്കുന്നതാണ് ഇപ്പോഴത്തെ ക്യാമ്പസ് ലൈഫ്.
നോട്ടയ്ക്ക് കുത്തണോ
ഭൂരിഭാഗം വിദ്യാർത്ഥികളും ചട്ടക്കൂടുകൾ ഭേദിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സമാന്തരമായി പുതുതലമുറയ്ക്കിടയിൽ അരാഷ്ട്രീയവാദവും വളരുന്നതായി ഇവർക്ക് ആശങ്കയുണ്ട്. ജോലി ഉണ്ടെങ്കിൽ പിന്നെന്തിന് രാഷ്ട്രീയം എന്ന ചിന്തയാണ് പലർക്കും. തിരഞ്ഞെടുപ്പിൽ മാത്രം ഇവർ പങ്കാളികളാകും. സ്ഥാനാർത്ഥികളെപ്പോലും മനസിലാക്കാതെ നോട്ടയ്ക്ക് കുത്തുന്നതിനോടും ആർട്സിലെ വിദ്യാർത്ഥികൾക്ക് വിയോജിപ്പുണ്ട്. സർക്കാർ നൽകുന്ന സേവനങ്ങളിൽ ഇവർക്ക് വിശ്വാസമുണ്ട്. ടൂറിസം പോലുള്ള മേഖലകളിൽ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാവണമെന്നും ഇവർ പറയുന്നു.
കോളേജിലെ ആദ്യദിവസം അഡ്മിഷൻ എടുക്കാൻ വരുന്നവരാവില്ല നാലുവർഷം കഴിയുമ്പോൾ.ക്യാമ്പസ് ട്രെൻഡുകൾ വിദ്യാർത്ഥികൾക്ക് ഗുണകരമായ രീതിയിലാണ് മാറിയിട്ടുള്ളത്.വലിയ സ്വപ്നങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതിലധികവും.
ആരോമൽ, കോളേജ് ചെയർമാൻ